കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ നിരക്ക് വർധന സാധാരണക്കാരായവർക്ക് ഇവിടങ്ങളിൽ സന്ദർശനം നടത്തുന്നത് ബുദ്ധിമുട്ടാക്കിത്തീർത്തിരിക്കുന്നു. ഇവിടങ്ങളിലെ നിരക്ക് ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്.The increase in the rates of eco-tourism centers in Wayanad has made it difficult for the common man to visit these places
അതിനാൽ കീശയിൽ കാശുള്ളവർക്ക് മാത്രമേ ഇക്കോടൂറിസം കേന്ദ്രങ്ങളിലെത്താൻ കഴിയൂ എന്ന സ്ഥിതിയിലായി. 5പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് ചെമ്പ്രമലയിൽ ട്രക്കിങ്ങ് നടത്താൻ നേരത്തെ 2500 മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുന്നു. ഒരു സഞ്ചാരി നൽകേണ്ടത് ആയിരം രൂപ.
വിദേശ സഞ്ചാരികളാണെങ്കിൽ അഞ്ചുപേർക്ക് 8,000 രൂപ നൽകണം. കുട്ടികൾക്ക്‌പോലും നിരക്കിൽ കാര്യമായ കുറവില്ല. അഞ്ചു കുട്ടികൾക്ക് 1600 രൂപയാണ് ഫീസ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ പ്രവേശനത്തിന് 118 രൂപയാണ് മുതിർന്നവരുടെ ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 70 രൂപ നൽകണം. കുറുവാ ദ്വീപിൽ മുതിർന്നവർക്ക് 220 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശന നിരക്ക് ഇരട്ടിയായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ മറവിലാണ് ഇത്തരത്തിൽ നിരക്ക് വൻതോതിൽ വർദ്ധിപ്പിച്ചിട്ടുള്ളത്.
സഞ്ചാരികളുടെ എണ്ണം കുറയ്ക്കുമ്പോൾ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന വിചിത്രവാദമാണ് വനം വകുപ്പ് നൽകുന്നത്. ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിക്കുന്നത് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ പ്രയാസകരമാകും.
ചെമ്പ്രമലയിൽ 75പേർക്ക് മാത്രമാണ് പുതുതായി പ്രവേശന അനുമതി നൽകുന്നത്. ഇത്രയും കുറച്ച്‌പേര് മാത്രം പ്രവേശിപ്പിക്കുമ്പോൾ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മാറ്റുമാർഗം ഇല്ലെന്നാണ് വനസംരക്ഷണ സമിതി പറയുന്നത്.
ഇക്കോ ടൂറിസംകേന്ദ്രങ്ങൾ തുറക്കുന്നത് പ്രതിസന്ധിയിലായ ടൂറിസംമേഖലയ്ക്ക് കരുത്തുപകരും. എന്നാൽ ഇത്തരത്തിൽ വൻതോതിൽ നിരക്ക് വർദ്ധിപ്പിക്കുന്നത് വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിമർശനം.
ആഘോഷങ്ങൾ പ്രമാണിച്ചും അവധി ദിനങ്ങളിലും സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേരാണ് വയനാട്ടിലേക്ക് എത്തിയിരുന്നത്. കുട്ടികൾക്ക് ഉൾപ്പെടെയുള്ള നിരക്ക് വർദ്ധന സഞ്ചാരികൾ ഇങ്ങോട്ടെത്തുന്നത് തടയും. ഇത് സ്വകാര്യ പാർക്ക് ഉൾപ്പെടെയുള്ളവരെ സഹായിക്കുന്ന നടപടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്