ബംഗളൂരു: ബംഗളൂരുവിൽ കാറിനുള്ളിൽ ബിസിനസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയും, ഭാര്യാ മാതാവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങ് (37) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനധികൃത ബിസിനസ് ഇടപാടുകളും, അവിഹിത ബന്ധങ്ങളുമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാട്ടുകാർ ബംഗളൂരു നഗരത്തിന് പുറത്തായി ഒഴിഞ്ഞ പ്രദേശത്ത് കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ശേഷം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.
ഭാര്യയും, ഭാര്യയുടെ അമ്മയും ചേർന്ന് യുവാവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർത്ത് നൽകുകയായിരുന്നു. ശേഷം ബോധരഹിതനായ യുവാവിനെ കാറിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇരുവരും മുങ്ങുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട യുവാവിന്റെയും ഭാര്യയുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ പ്രായവ്യത്യാസം മൂലം ഈ ബന്ധം ലോക്നാഥിന്റെ വീട്ടുകാർ സമ്മതിച്ചില്ല. ഇതോടെ രണ്ട് പേരുടെയും വീട്ടുകാർ അറിയാതെ ഡിസംബറിൽ ഇവർ രഹസ്യമായി വിവാഹിതരാവുകയായിരുന്നു.
വിവാഹ ശേഷം ഭാര്യവീട്ടിലെത്തിയ യുവാവ് യുവതിയെ മാതാപിതാക്കളോടൊപ്പം ആക്കിയ ശേഷം അവിടെ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇയാൾക്ക് മറ്റ് അവിഹിത ബന്ധങ്ങളുണ്ടെന്നും മറ്റുമുള്ള വിവരങ്ങൾ ഭാര്യ അറിയുന്നത്.
ഇതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ലോക്നാഥ് ഭാര്യയുടെ മാതാപിതാക്കളെ കൂടി ഭീഷണിപ്പെടുത്താൻ തുടങ്ങിയതാണ് കാര്യങ്ങൾ ഇവിടംവരെ കൊണ്ടെത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.