ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം കുറയ്ക്കാൻ യെമനിൽ അമേരിക്കയും , ബ്രിട്ടനും ചേർന്ന് നടത്തിയ ആക്രമണങ്ങൾ ഫലം കണ്ടില്ല. ഹൂത്തികളുടെ ആക്രമണ ശേഷി കുറയ്ക്കാനായില്ലെന്ന് മാത്രമല്ല പ്രദേശത്ത് എത്തിയ യു.എസ്. ന്റെ അത്യാധുനിക ഡ്രോണായ എ.ക്യൂ. റീപ്പർ ഹൂത്തികൾ വീഴ്ത്തുകയും ചെയ്തു. ഹൂത്തികൾ ഡ്രോൺ വെടിവെച്ചിട്ടതാണെന്നും സിഗ്നൽ തെറ്റിച്ച് വീഴ്്ത്തിയതാണെന്നും വാർത്തകളുണ്ട്. എന്നാൽ ഡ്രോൺ നഷ്ടപ്പെട്ടതിനോട് യു.എസ്. പ്രതികരിച്ചിട്ടില്ല. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുടെ കൈയ്യിൽ ഡ്രോൺ ലഭിച്ചാൽ സാങ്കേതിക വിദ്യ മനസിലാക്കുന്നതിനായി ഇറാൻ ഡ്രോൺ കൈവശപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ ഏദൻ കടലിടുക്കിൽ യു.എസ്. ബന്ധമുള്ള രണ്ട് കപ്പലുകൾക്ക് നേരെയും ഒരു യു.കെ.ചരക്കു കപ്പലിന് നേരെയും ഹൂത്തികൾ ആക്രമണം നടത്തി. യു.കെ.കപ്പലായ റൂബിമർ തകർച്ചയുടെ വക്കിലാണ്. കപ്പലിലെ ക്രൂ അംഗങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഹൂത്തികൾ ഇസ്രയേൽ പാശ്ചാത്യ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്.