ഡാം തുറന്നു വിട്ടതിന് പിന്നാലെ റോഡിൽ നുരയും പതയും പ്രത്യക്ഷപ്പെട്ടത് ആശങ്കകൾ സൃഷ്ടിക്കുന്നു. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള തമിഴ്‌നാട്ടിലെ ഹൊസൂരിലെ റോഡിലാണ് സംഭവം.
ഇന്ന് രാവിലെ പെയ്ത കനത്ത മഴയ്‌ക്ക് ശേഷം സമീപത്തെ കെലവരപ്പള്ളി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിഷാംശമുള്ള നുരയും പതയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റോഡിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയാണ് നുരയും പതയും നീക്കം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൊസൂരിൽ 11 സെൻ്റിമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഇത് കെലവരപ്പള്ളി റിസർവോയറിലെ ജലത്തിൻ്റെ അളവ് ഉയരുന്നത്തിന് കാരണമായിരുന്നു. അധികമായി സംഭരിച്ച വെള്ളം തേൻപെന്നൈ നദിയിലേക്ക് തുറന്നു വിട്ടതിനാൽ റോഡിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ഇത് വിഷാംശമുള്ള നുരയും പതയും അടിഞ്ഞുകൂടുന്നതിന് കാരണമായി എന്നാണ് നിഗമനം.
ഏത് തരത്തിലുള്ള മലിനീകരണമാണ് ഈ വിഷാംശത്തിന് കാരണമായത് എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
അയൽ സംസ്ഥാനമായ കർണാടകയിലെ വ്യവസായ യൂണിറ്റുകൾ മഴ മുതലെടുത്ത് നദിയിലേക്ക് മാലിന്യം ഒഴുക്കിയതാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്നാണ് സംശയം.
എന്നാൽ കൃത്യമായ വസ്തുത എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. നുരയ്ക്കും പതയ്ക്കും പിന്നിലെ കാരണം ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.
The foam appeared on the road after the dam opened, causing concern.