തകർന്ന് വീണ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല
കോട്ടയം: കോട്ടയം മെഡിക്കൽകോളജിലെ തകർന്ന് വീണ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്.
ആർപ്പൂക്കര പഞ്ചായത്ത് അധികൃതരാണ് കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്.
അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ കെ. ഫിലിപ്പ് പറഞ്ഞു.
ആശുപത്രിയിലെ നിലവിലെ കെട്ടിടങ്ങളുടെ അവസ്ഥ അറിയാൻ ഉടൻ നോട്ടീസ് നൽകുമെന്നും അറിയിച്ചു.
മെഡിക്കൽ കോളജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. നിയമം വളച്ചൊടിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്.
പുതിയ കെട്ടിടങ്ങളിൽ പോലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിയിക്കാൻ മെഡിക്കൽ കോളജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം.
ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.
തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവുമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞിട്ടുണ്ടെന്നും ആന്തരീക അവയങ്ങൾക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
കെട്ടിടം വീണപ്പോൾ തന്നെ അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.
അതേസമയം, ബിന്ദുവിന്റെ സംസ്‌കാരം പൂർത്തിയായി. രാവിലെ മുതൽ നിരവധിയാളുകളാണ്
ബിന്ദുവിനെ അവസാനമായി കാണാനായി എത്തിയത്. തലയോലപറമ്പിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഏഴുമണിയോടെ വീട്ടിലേക്ക് എത്തിച്ചു. തുടർന്നുള്ള പൊതുദർശനത്തിന് നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു.
ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ യാത്രയാക്കി നാട്.
ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
അതിനുശേഷം മൃതദേഹം രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ചു.
കേരളലിയിക്കുന്ന കാഴ്ചകളായിരുന്നു ബിന്ദുവിന്റെ വീട്ടിൽ അരങ്ങേറിയത്.
‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ ബിന്ദുവിന്റെ വേർപാട് സഹിക്കാനാവാതെ
മകൻ അലറിക്കരയുന്നത് കണ്ടുനിൽക്കാനേ ചുറ്റുമുള്ളവർക്ക് കഴിഞ്ഞുള്ളു.
ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു
ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്.
വൻ ജനക്കൂട്ടമാണ് ബിന്ദുവിൻ്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
തന്റെ ഭാര്യ ഇനി ഒപ്പം ഇല്ലല്ലോ എന്ന വേദനയും പേറി മക്കളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് പോലും അറിയാതെ നെഞ്ച് നീറി കരയുന്ന ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ.
ബിന്ദുവിൻ്റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങി ഒരു ഗ്രാമം മുഴുവനും
സംസ്കാര ചടങ്ങിനെത്തി. തലയോലപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മകൻ നവനീത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു. തലയോലപ്പറമ്പിലെ വസതിയിലേക്ക് നിരവധി ആളുകളാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.
‘അമ്മാ..ഇട്ടേച്ച് പോവല്ലമ്മാ’ എന്ന് ഉറക്കെ കരഞ്ഞ മകൻ നവനീതിന്റെയും കരയാനാകാതെ നിന്ന മകൾ നവമിയുടെയും കാഴ്ച അവിടേക്കെത്തിയ എല്ലാവരുടെയും കരളലിയിച്ചു.
ദുഃഖം കടിച്ചമർത്തി നിന്നിരുന്ന ഭർത്താവ് വിശ്രുതനും മക്കൾക്കും ആശ്വാസം പകരാൻ ആർക്കുമായില്ല.
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്
ചാണ്ടി ഉമ്മൻ എംഎൽഎ ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ ധനസഹായം പ്രഖ്യാപിച്ചത്.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് കുടുംബത്തിനു തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.
ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വാസവൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം നടത്തിയത്.
അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത്.
English Summary:
The collapsed building at Kottayam Medical College did not have a fitness certificate, according to reports. An official from Arpookkara Panchayat confirmed that the Panchayat had not issued any fitness certificate for the structure.