ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള വാർത്തകൾക്ക് പുതുമയില്ല. ഏതാണ്ട് എല്ലാ ദിവസവുമെന്നോണമാണ് രാജ്യതലസ്ഥാനത്തെ വായുനിലവാരം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന വാർത്തകൾ പുറത്തുവരുന്നത്.The air quality index crossed 400 in many places
വായുഗുണനിലവാര സൂചിക പലയിടത്തും 400 കടന്നു. രണ്ടു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ് ഡൽഹിയിലെ വായു മലിനീകരണം. ആനന്ദ് വിഹാറിൽ വായുനിലവാരസൂചിക 405 എത്തി. ദീപാവലി ആഘോഷത്തിന് മുമ്പ് തന്നെ ഗുരുതര നിലയിലാണ് വായു നിലവാരം. നഗരത്തിലെ ചിലയിടങ്ങളില്‍ കനത്ത പുകമഞ്ഞ് മൂടിയിട്ടുണ്ട്.
അക്ഷര്‍ധാം ക്ഷേത്രത്തില്‍ 261 ആണ് വായുഗുണനിലവാര സൂചിക. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 324 രേഖപ്പെടുത്തി. ഇരുസ്ഥലങ്ങളും വളരെ മോശം വിഭാഗത്തിലാണ് സൂചികയുള്ളത്. വളരെ മോശം ഗുരുതരാവസ്ഥയായ 352ലേക്ക് ശരാശരി വായുഗുണനിലവാരം താഴ്‌ന്നതായി സിസ്‌റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്‌റ്റിങ് ആന്റ് റിസര്‍ച്ച്(സഫര്‍) വ്യക്തമാക്കി.
മലിനീകരണം രൂക്ഷമായതോടെ ശ്വാസ തടസം മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 15 ശതമാനം ഉയർന്നു. മാസ്‌കും മറ്റും ധരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാൽ വായുമലിനീകരണം 450 കടക്കും എന്നാണ് വിലയിരുത്തൽ.
ജനുവരി ഒന്നുവരെ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും നിരോധനം ലംഘിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ചേക്കുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. നിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഡൽഹി സർക്കാർ ആലോചിക്കുന്നുണ്ട്.
യമുനയിലെ കാളിന്ദി കുഞ്ജ് മേഖലയില്‍ വിഷപ്പത പ്രതിഭാസത്തിനും മാറ്റമില്ല. ഡൽഹിയിലെയും ഹരിയാനയിലെയും വ്യവസായ ശാലകളിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിലെ ഉയർന്ന ഫോസ്‌ഫേറ്റിന്റെയും മറ്റ് രാസവസ്തുക്കളുടെയും അംശമാണ് വിഷപ്പതയ്ക്ക് കാരണം എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
മുമ്പും യമുനാ നദിയിൽ ഇത്തരത്തിൽ വിഷപ്പത കണ്ടിരുന്നു. ബിജെപി ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായ കേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം യുമനയിലേക്ക് തള്ളുന്നതാണ് മലിനീകരണത്തിന് കാരണമെന്ന് എഎപി ആരോപിക്കുന്നു.
അടുത്ത 15 ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ജനങ്ങളെല്ലാവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അഭ്യര്‍ത്ഥിച്ചു.
മലിനീകരണം വര്‍ധിപ്പിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സര്‍ക്കാരുകളും കക്ഷികളും ഒന്നിച്ച് വേണം ഇത് നേരിടാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.