കൊല്ലം: സഹോദരൻ്റെ മക്കളുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ സ്വദേശി ശ്രീജിത്താണ് പോലീസിൻ്റെ പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീനെയും ആക്രമിക്കാൻ ശ്രമിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സഹോദരനെ ആക്രമിക്കുകയും മക്കൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്നാണ് കേസ്. കുടുംബ വഴക്കിനെ ചൊല്ലിയായിരുന്നു സഹോരന്റെ കുടുംബത്തിന് നേരെ അതിക്രമം കാണിച്ചത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രീജിത്ത്, പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ പിടികൂടിയത്. മദ്യ ലഹരിയിലായിരുന്നു ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിൽ ശ്രീജിത്തിനെതിരെ പോക്‌സോ ചുമത്തിയതായി പൊലീസ് അറിയിച്ചു. ബന്ധുക്കളെയും പൊലീസിനെയും ആക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.