കൊല്ലം:മദ്യലഹരിയിൽ ഉത്സവത്തിനിടെ പ്രശ്നമുണ്ടാക്കി യുവാവ്, ക്ഷേത്ര മുറ്റത്തുനിന്നും ഓടിച്ചുവിട്ടതിന് പിന്നാലെ ആത്മഹത്യാഭീഷണി. റെയിൽ വേ പാളത്തിൽ കിടന്നാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് റെയിൽ വേ പാളത്തിൽ നിന്ന് ഇറക്കിയ 20 കാരനെ നാട്ടുകാരിൽ ഒരാൾ വീട്ടിലെത്തിച്ച് മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം.
മരംകയറ്റത്തൊഴിലാളിയായ കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പിൽ അമ്പാടി എന്ന 20 കാരനാണ് മദ്യലഹരിയിൽ 42കാരനെ കൊലപ്പെടുത്തിയത്. ചെമ്മീൻ കർഷക തൊഴിലാളിയായ സുരേഷ് ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; വെള്ളിയാഴ്ച വൈകിട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ മദ്യലഹരിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാർ ക്ഷേത്ര പരിസരത്ത് നിന്ന് പറഞ്ഞ് വിട്ടിരുന്നു.
ഇതിന് പിന്നാലെ അമ്പാടി സമീപത്തെ റെയിൽ പാളത്തിൽ കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് നാട്ടുകാർ ഇയാളെ ഏറെ പ്രയാസപ്പെട്ട് സമാധാനിപ്പിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാർക്കൊപ്പമുണ്ടായിരുന്ന സുരേഷ് 20കാരനെ വീട്ടിലെത്തിക്കുകയായിരുന്നു.
അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം സുരേഷ് മടങ്ങി. ഇതിനിടെ വീടിന് അകത്തേക്ക് കയറിയ അമ്പാടി കൊടുവാളുമെടുത്ത് പുറത്തിറങ്ങി സുരേഷിനെ പിന്നീലൂടെ വന്ന് വെട്ടുകയായിരുന്നു. ഇയാളുടെ കഴുത്തിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.
പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമണത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് മുങ്ങിയ അമ്പാടിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അമ്പാടി.