പുതിയ ചിത്രത്തിൻറെ ചിത്രീകരണത്തിനായി സൂപ്പർതാരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തിൽ ഇറങ്ങിയത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. എത്ര ദിവസത്തെ ഷൂട്ടാണ് തിരുവനന്തപുരത്ത് എന്ന് വ്യക്തമല്ല.പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും എന്നാണ് സൂചന.
താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.സോഷ്യൽ മെസേജ് ഉള്ള എന്റർടെയ്നിങ് ആയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നാണ് ചെന്നൈയിൽ വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്ന സൂചനകളും ലഭിക്കുന്നുണ്ട് .എങ്കിൽ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവർ 170.
ചിത്രത്തിലെ വൻ താര നിരയെ പരിചയപ്പെടുത്തുകയാണ് കുറച്ച് ദിവസങ്ങളായി ചിത്രത്തിൻറെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. . അനിരുദ്ധ് ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ജയ് ഭീം എന്ന സൂര്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൻറെ സംവിധായകനാണ് ജ്ഞാനവേൽ. ഇദ്ദേഹത്തിൻറെ മൂന്നാമത്തെ ചിത്രമാണിത്. ഇതുവരെ പ്രത്യക്ഷപ്പെടാത്ത വേഷത്തിലാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത് എന്നാണ് വിവരം.കഴിഞ്ഞ ദിവസം മലയാളത്തിലെ ലേഡി സൂപ്പർതാരം മഞ്ജു വാര്യർ ഭാഗമാകുമെന്ന് നിർമ്മതാക്കൾ അറിയിച്ചിരുന്നു. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘തലൈവർ 170’. ധനുഷ് നായകനായ അസുരനിലും, അജിത്ത് പ്രധാന വേഷത്തിൽ എത്തിയ തുനിവിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യരിനൊപ്പം റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും തലൈവർ 170ന്റെ ഭാഗമാകുന്നുണ്ട്. ഇവരായിരിക്കും ചിത്രത്തിലെ ഫീമെയിൽ ലീഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
അതേ സമയം ബാഹുബലി താരം റാണയും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. റാണ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ‘തലൈവർ 170’. നേരത്തെ ഇദ്ദേഹം അഭിനയിച്ച ബഹുബലി അടക്കം ബിഗ് ബജറ്റ് ചിത്രങ്ങൾ തമിഴിൽ ഡബ്ബ് ചെയ്ത് എത്തിയിട്ടുണ്ട്. നേരത്തെ തെലുങ്ക് താരം നാനി ചെയ്യാനിരുന്ന വേഷമാണ് റാണ ചെയ്യുന്നത് എന്ന ചില റിപ്പോർട്ടുകളുണ്ട്.അതേ സമയം ചിത്രത്തിൽ മലയാളത്തിൽ നിന്നും ഫഹദ് പ്രധാന വേഷത്തിൽ എത്തും എന്ന് വിവരങ്ങളുണ്ട്. എന്നാൽ കുറച്ച് ദിവസം നീളുന്ന സ്റ്റാർ കാസ്റ്റ് പുറത്തുവിടൽ പുരോഗമിക്കുമ്പോൾ ഇത് സത്യമാണോ എന്ന് അറിയാം.
Read Also : അതൊരു അബദ്ധമായിരുന്നു; വെളിപ്പെടുത്തലുമായി മമ്മൂട്ടി