കൊച്ചി: ക്ഷേത്രങ്ങളിൽ വെച്ച് സിനിമാ ഷൂട്ടിങ് നടത്തുന്നതിനെതിരെ ഹൈക്കോടതി. ക്ഷേത്രങ്ങൾ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് കോടതി പറഞ്ഞു. ഭക്തർക്ക് ആരാധയ്ക്കുള്ളതാണ് ക്ഷേത്രമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.(‘Temples are not places for film shooting’: high court)
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. വിശേഷം സിനിമയുടെ ഷൂട്ടിങ്ങിന് ക്ഷേത്രത്തിൽ അനുമതി നൽകിയതിന് എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് ഹർജി നൽകിയത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുത് എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജിയിൽ സർക്കാരിന്റേയും ദേവസ്വത്തിന്റേയും വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്. പവിത്രമായ പൂജകൾക്കും ആചാരങ്ങൾക്കും വിലകൽപ്പിക്കാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത് എന്നാണ് ഹർജിയിൽ പറഞ്ഞത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജെ അജിത് കുമാർ എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.