ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു
തെലങ്കാനയിൽ തെരുവ് നായ്ക്കൾക്ക് നേരെയുള്ള ക്രൂരത വീണ്ടും. ഹൈദരാബാദിന് സമീപമുള്ള രംഗറെഡ്ഡി ജില്ലയിലെ യാചാരം ഗ്രാമത്തിൽ നൂറിലധികം തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി പരാതി ഉയർന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വിവിധ ജില്ലകളിലായി ഏകദേശം 500 തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു കൂട്ടക്കൊല പുറത്തുവന്നിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സഹായികളുടെയും നിർദേശപ്രകാരം ഒരു പ്രൊഫഷണൽ സംഘമാണ് നായ്ക്കളെ കൊന്നതെന്നാണ് പ്രാഥമിക സംശയം.
കൊല്ലപ്പെട്ട നായ്ക്കളുടെ ജഡങ്ങൾ ഗ്രാമത്തിന് പുറത്ത് എവിടെയോ കുഴിച്ചിട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
‘സ്ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗ്രാമത്തിൽ നിന്ന് പെട്ടെന്ന് തെരുവ് നായ്ക്കൾ അപ്രത്യക്ഷമായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അധികൃതർ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
ജനുവരി 19നാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഇതിന് മുൻപ് കാമറെഡ്ഡി ജില്ലയിൽ നടന്ന സമാനമായ സംഭവത്തിൽ ആറ് ഗ്രാമത്തലവന്മാർക്കെതിരെ കേസെടുത്തിരുന്നു.
തെലങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുന്നത് മൃഗസ്നേഹികളും സാമൂഹ്യപ്രവർത്തകരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇടയാക്കിയിട്ടുണ്ട്.
English Summary
Cruelty against stray dogs continues in Telangana, with over 100 dogs allegedly poisoned to death in Yacharam village of Ranga Reddy district near Hyderabad. This incident follows the recent killing of nearly 500 stray dogs across various districts. Police suspect that a professional team carried out the act on the instructions of local panchayat officials. Based on a complaint filed by the Stray Animal Foundation of India, cases have been registered against the panchayat president, ward member, and secretary under animal cruelty prevention laws. The incident has sparked strong protests from animal lovers across the state.
telangana-yacharam-stray-dogs-poisoned-mass-killing
Telangana, stray dogs killing, animal cruelty, Yacharam village, Ranga Reddy district, poisoning incident, animal rights, police case









