ഹൈദരാബാദ്: തെലങ്കാന ടണൽ അപകടം നടന്നിട്ട് 16 ദിവസത്തിന് ശേഷം ഒരു മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്‍റെ മായ, മർഫി എന്നീ കഡാവർ നായ്ക്കളാണ് മൃതദേഹം കിടക്കുന്ന ഭാഗം കണ്ടെത്തിയത്. എട്ടുപേരാണ് അപകടത്തിൽപ്പെട്ടിരുന്നത്.
ബോറിംഗ് മെഷിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. അപകടത്തെ തുടർന്ന് മുന്നൂറോളം പേരടങ്ങുന്ന 11 സേനകളുടെ സംഘം സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവുന്ന സ്ഥിതിയിലല്ല.
ഫെബ്രുവരി 23-ന് ആണ് നാഗർകുർണൂലിലെ ടണൽ ഇടിഞ്ഞ് വീണ് എട്ട് പേർ അപകടത്തിൽപ്പെട്ടത്. കൂടുതൽ മണ്ണും പാറയും ഇടിഞ്ഞു അപകടത്തിന്റെ ദൈർഘ്യം വർധിക്കാൻ സാധ്യത ഉള്ളതിനാൽ തന്നെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ശ്രദ്ധാപൂർവമായിരുന്നു രക്ഷാ പ്രവർത്തനം നടക്കുന്നത്.
റോബോട്ടിക്, എൻഡോസ്കോപ്പിക് ക്യാമറകളടക്കം വിന്യസിച്ച് നടത്തിയ ആദ്യഘട്ട തെരച്ചിലിൽ ഫലമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകൾ ചിലയിടത്ത് മനുഷ്യശരീരമെന്ന് കരുതുന്ന വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നത് അവിടേക്കും പരിശോധനയ്ക്കായി കടക്കാൻ കഴിയുന്ന സ്ഥിതിയായിരുന്നില്ല.