റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ്, കെടിഎം പോലുള്ള അഡ്വഞ്ചർ ബൈക്കുകൾ ഓഫ്-റോഡിങ്ങിനു പേരുകേട്ടവയാണ് എന്നതിൽ തർക്കമില്ല . റോഡില്ലാത്തിടത്തു പോലും ഈ മോട്ടോർസൈക്കിളുകൾ നടത്തുന്ന അസാമാന്യ പ്രകടനവും ചില്ലറയല്ല. എന്നാൽ സ്‌കൂട്ടറിൽ ഓഫ്-റോഡ് പോയാൽ എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാൻ പോലും നമ്മൾ തയ്യാറാകുന്നില്ല . അതൊന്നും സ്വപ്‌നം കാണാനാവില്ലെന്ന ചിന്തിച്ചിട്ടുണ്ടെങ്കിൽ ഇനിയാ ചിന്താഗതിയെല്ലാം പൊളിച്ചെഴുതാൻ തയാറായിക്കോ. തായ്‌വാനിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളിൽ (EV) ഒരാളായ ഗൊഗോറോയാണ് (Gogoro) പുത്തനൊരു മോഡലുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഓഫ്-റോഡിനും ഓൺ-റോഡിനും ഒരേപോലെ ഉപയോഗിക്കാനാവുന്ന ഇരുചക്ര വാഹനമായാണ് പുതിയ ക്രോസ്ഓവർ എന്ന ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നതു പോലും. മൊത്തത്തിലുള്ള സ്റ്റൈലിംഗിൽ നിന്ന് സ്‌കൂട്ടറിന് പ്രായോഗികവും പരുക്കനുമായ ഒരു അനുഭവം നൽകാനാവുമെന്ന് വ്യക്തമാണ്. ഇതുവരെയുള്ള നമ്മുടെ സ്‌കൂട്ടർ എന്ന ചിന്താഗതി തന്നെയാണ് മാറ്റിമറിക്കപ്പെടാൻ പോവുന്നത്. ഈ ക്രോസ്ഓവർ ഇലക്ട്രിക് സ്‌കൂട്ടർ മോഡൽ ഒരു പുതിയ പ്ലാറ്റ്‌ഫോമിന് ചുറ്റുമാണ് നിർമിച്ചിരിക്കുന്നതെന്ന് ഗൊഗോറോ പറയുന്നു. വൈവിധ്യമാർന്ന സ്റ്റോറേജ് സ്പേസും റൈഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുന്നതിനിടയിൽ ഏത് തരം റോഡുകളെയും നേരിടാനും വാഹനം പ്രാപ്‌തമാവുന്നുണ്ട്.
ഈ ഓഫ്-റോഡ് സ്കൂട്ടറിന് 7.6 kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് പവർ ലഭിക്കുന്നത്. മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും ചാർജിംഗ് സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സമന്വയിപ്പിച്ച ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബർ സെറ്റപ്പ് എന്നിവയെല്ലാമാണ് ഗൊഗോറോയുടെ പുതിയ അഡ്വഞ്ചർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മാക്‌സിസ് ഡ്യുവൽ പർപ്പസ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ഗൊഗോറോ ഓഫ്-റോഡർ ഇലക്‌ട്രിക് എസ്‌യുവി സ്‌കൂട്ടറിന് ഡാഷ്‌ബോർഡിൽ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളർ ഡിസ്പ്ലേയാണ് തായ്‌വാൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു സ്മാർട്ട്‌ഫോൺ ആപ്പുമുണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) സ്റ്റാൻഡേർഡ് ആയി വരുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം. ക്രൂയിസ് കൺട്രോൾ ഫീച്ചർ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്.
കമ്പനിയുടെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാകാൻ സാധ്യതയുള്ള ഈ വാഹനം ശരിക്കും ഇന്ത്യയിൽ എത്തിയാൽ വിപ്ലവം തന്നെ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി കൊടുമ്പിരി കൊള്ളുമ്പോൾ നിരവധി അനവധി മോഡലുകളാണ് ഇപ്പോൾ അരങ്ങത്തേക്ക് എത്തുന്നത്. സ്വാപ്പിംഗ് ബാറ്ററിയുള്ള ഇവികൾ പൊതുവേ കുറവാണെങ്കിലും ഭാവിയിൽ ഇത്തരം മോഡലുകൾക്കായിരിക്കും ആവശ്യക്കാരെത്തുക.
Read More : ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വമ്പൻ ഓഫറുകൾ കാത്തിരിക്കുന്നു