ചെന്നൈ: സൂപ്പർതാരം രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് ചികിത്സ തേടിയത് എന്നാണ് വിവരം. തിങ്കളാഴ്ച അർധരാത്രിയോടെയാണ് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(Superstar Rajinikanth admitted in hospital)
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് താരത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിങ്ങിനായുള്ള യാത്രയ്ക്കിടെയാണ് താരത്തിന് വയറുവേദനയുണ്ടാകുന്നത്. തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സൂപ്പർതാരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വാർത്തകൾ വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളുമായി എത്തുന്നത്.