വോട്ട് മറിച്ച ആർജെഡി അംഗത്തിന്റെ വീടിന് നേരെ ആക്രമണം; വാതിലിന് സമീപം സ്റ്റീൽ ബോംബ്
കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ആർജെഡി അംഗം രജനിയുടെ വീടിന് നേരെ ആക്രമണം.
ചോമ്പാലയിലെ വീട്ടിലേക്ക് സ്റ്റീൽ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിത്തെറിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗമായ രജനി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് രാഷ്ട്രീയമായി നാടകീയമായ വഴിത്തിരിവുണ്ടായത്.
ഇതോടെ യുഡിഎഫ് സ്ഥാനാർത്ഥിയായ കോട്ടയിൽ രാധാകൃഷ്ണൻ വിജയിക്കുകയും ഭരണം യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴ് സീറ്റുകൾ വീതമായിരുന്നു. രജനിയുടെ വോട്ട് നിർണായകമായതോടെയാണ് ഫലം മാറിയത്.
എന്നാൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രജനി എൽഡിഎഫിനാണ് വോട്ട് ചെയ്തത്. നറുക്കെടുപ്പിലൂടെയാണ് ഈ സ്ഥാനം സിപിഎമ്മിന് ലഭിച്ചത്.
പാർട്ടി നിർദ്ദേശം ലംഘിച്ചതിന്റെ പേരിൽ രജനിയെ ആർജെഡിയിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കെ.കെ. രമ എംഎൽഎയുടെ ആരോപണം.
അബദ്ധത്തിലോ വ്യത്യസ്തമായ രാഷ്ട്രീയ തീരുമാനമെടുത്തതിന്റെ പേരിലോ ഒരു ജനപ്രതിനിധിയുടെ വീടിന് നേരെ ബോംബെറിയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അവർ പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
An attack was reported at the house of RJD member Rajani in Chombala, Kozhikode, after she voted for the UDF candidate in the Vadakara Block Panchayat president election.
steel-bomb-attack-rjd-member-house-vadakara-block-panchayat
Vadakara, Block Panchayat, RJD, UDF, LDF, CPM, Political Violence, Steel Bomb Attack, Kozhikode, KK Rema









