കൊച്ചി: രണ്ടര വയസ്സുകാരിയെ പിതാവ് മർദിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസെടുത്തത്. നടപടിക്രമങ്ങൾക്കായി ചീഫ് ജസ്റ്റിസിന് വിടാൻ രജിസ്ട്രാര്‍ക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം എസ്പി, കാളികാവ് സിഐ എന്നിവരെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു. സംഭവം ഹൃദയഭേദകമാണെന്നും ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത എങ്ങനെ ചെയ്യാനായെന്നും കോടതി ചോദിച്ചു. മാത്രമല്ല, പൊലീസ് കർശനമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും കോടതി നിർദ്ദേശിച്ചു.
കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
കുഞ്ഞിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന് മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലുകളും പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ പിതാവ് നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഫായിസിന്റെ ബന്ധുക്കളായ അയല്‍വാസികളും പറയുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചത്. കുഞ്ഞിനെ വീടിന് പുറത്തുപോലും വിട്ടിരുന്നില്ല. കുഞ്ഞിന്റെ ബോധം മറയും വരെ മര്‍ദ്ദിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. നാട്ടുകാരാണ് ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചത്. ലഹരിയുടെ പുറത്താകാം ഇത്തരം ക്രൂരതകള്‍ ഫായിസ് ചെയ്തതെന്നും അയല്‍വാസികള്‍ പ്രതികരിച്ചിരുന്നു.