തൃശൂർ: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പതിവു സംഭവമാകുന്നു. തൃശ്ശൂർ വെള്ളാങ്കല്ലൂർ പൂവ്വത്തുംകടവിൽ കനോലി കനാലിൽ കൂടുകെട്ടി വളർത്തിയിരുന്ന മത്സ്യങ്ങളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഷൺമുഖം കനാലിൽ നിന്ന് മലിന ജലം പുഴയിലേക്ക് തുറന്ന് വിട്ടതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് കർഷകർ പറയുന്ന. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കർഷകർ പറയുന്നു.
വെള്ളാങ്കല്ലൂർ സ്വദേശികളായ നാല് പേർ ചേർന്ന് നടത്തുന്ന മത്സ്യക്കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തത്. സർക്കാർ സഹായത്തോടെയായിരുന്നു കൃഷി.
കഴിഞ്ഞ ദിവസം മതിലകം തൃപ്പേക്കുളത്ത് കനോലി കനാലിൽ വളർത്തിയിരുന്ന മത്സ്യങ്ങളും ചത്തുപൊങ്ങിയിരുന്നു. മതിലകം സ്വദേശി ഖദീജാബി മാഹിന്റെ മത്സ്യകൃഷിയാണ് നശിച്ചത്. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇവയിൽ പകുതിയിലധികവും ചത്തുപോയിരുന്നു.
നേരത്തെ പെരിയാറിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വലിയ ചർച്ചയ്‌ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.