ന്യൂഡൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഇക്കാര്യം ധനമന്ത്രി ഉറപ്പുനൽകിയെന്ന് കെ വി തോമസ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.(Special Package for Wayanad Disaster Victims; KV Thomas meet Nirmala Sitharaman)
‘കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ട് കിട്ടിയതായി നിര്‍മല സീതാരാമന്‍ പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി തീരുമാനമെടുക്കും. വൈകില്ലെന്നാണ് അറിയിച്ചത്. ധനമന്ത്രിയുടെ പ്രതികാരണം ആശാവഹമാണ്’- എന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം. വയനാട് ദുരന്തബാധിതര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി തിരിച്ചെത്തിയതിനു ശേഷം വയനാട് പാക്കേജ് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന് ധനമന്ത്രി കൊച്ചിയില്‍ വെച്ച് അറിയിച്ചിരുന്നു.