ട്രിനിഡാഡ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിലേക്ക് കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ കുഞ്ഞൻ വിജയലക്ഷ്യം.South Africa have a narrow target to enter the finals of the T20 World Cup
സെമിയില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 56 റണ്‍സിന് പുറത്തായി. തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
താരതമ്യേന ചെറിയ വിജയലക്ഷ്യമെങ്കിലും അഫ്ഗാനിസ്താന്റെ അതിശക്തമായ ബൗളിങ് നിര ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് വേണം പ്രോട്ടീസിന് ലക്ഷ്യത്തിലെത്താന്‍.
ലോകകപ്പിലെ കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും എതിരാളികളെ ഓള്‍ഔട്ടാക്കിയവരാണ് അഫ്ഗാന്‍. ലോകകപ്പിലെ ആദ്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങിനിറങ്ങുന്നത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകര്‍ച്ചയോയെടായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്‌മാനുള്ള ഗുര്‍ബാസിനെ മാര്‍കോ യാന്‍സന്‍ പുറത്താക്കി.
മൂന്ന് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനേയും യാന്‍സന്‍ മടക്കി. എട്ട് പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് നയ്ബിന്റെ സമ്പാദ്യം. അഫ്ഗാന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിന്നീട് കണ്ടത്.
ഇബ്രാഹിം സദ്രാന്‍(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവര്‍ നിരാശപ്പെടുത്തി. ഒരറ്റത്ത് ചെറുത്തുനില്‍പ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമര്‍സായിയും മടങ്ങിയതോടെ അഫ്ഗാന്‍ തീര്‍ത്തും പ്രതിസന്ധിയിലായി. 12 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഫ്ഗാന്‍ 28-6 എന്ന നിലയിലേക്ക് വീണു.