2013ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളഞ്ഞ് ഇടതുമുന്നണി തുടങ്ങിയ സോളാർ സമരം ഒത്തുതീർപ്പാക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. സി.പി.എം സമരത്തിൽ നിന്ന് പിന്മാറിയത് ഒത്തുതീർപ്പ് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. ജോൺ ബ്രിട്ടാസിലൂടെയാണ് സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചതെന്നും എന്നാൽ ഇക്കാര്യം തോമസ് ഐസക്ക് ഉൾപ്പെടെയുള്ള നേതാക്കളോ സമരത്തിനെത്തിയ പ്രവർത്തകരോ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
“വാർത്താ സമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിച്ചു. യുഡിഎഫിൽ നിന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തു. ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നു, -– ജോണ്‍ മുണ്ടക്കയം എഴുതി.
സമരം പിന്‍വലിച്ച ശേഷവും തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബേക്കറി ജംഗ്ഷനില്‍ സമരം തുടരുകയായിരുന്നു. ചാനലില്‍ നിന്ന് വിളിച്ചപ്പോഴാണ് സമരം അവസാനിപ്പിച്ച കാര്യം ഐസക്ക് തന്നെ അറിയുന്നത്. ഇത് അന്ന് വാര്‍ത്തയായതുമായിരുന്നു. അതേസമയം സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്നും കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിലൂടെ സോളാര്‍ പ്രശ്നത്തില്‍ വീണ്ടും പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.
Read More: നവകേരള ബസ് അഥവാ ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞോ ? വാദങ്ങൾ അസത്യം, തെളിവുകൾ നിരത്തി KSRTC
Read More: പരീക്ഷണം വിജയം; കാടിറങ്ങുന്ന അക്രമികൾ ഇനി എഐ ക്യാമറയിൽ കുടുങ്ങും