ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണി മുഴക്കിയിരിക്കുകയാണ് ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് പന്നുൻ. ഹമാസ് പോലെ ഇന്ത്യയെയും അക്രമിക്കുമെന്നാണ് പറഞ്ഞത്. ഭീഷണിയുടെ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. ഹമാസ്-ഇസ്രയേൽ സംഘർഷത്തിൽ നിന്ന് പഠിക്കണം. പഞ്ചാബിൽ നിന്ന് പലസ്തീനിലെത്തിയ ആളുകൾ പ്രതികരിക്കുകയും അത് അക്രമത്തിലേക്ക് മാറുമെന്നും പന്നുൻ പറഞ്ഞു. ഇന്ത്യ ഇനിയും പഞ്ചാബിനെ പിടിച്ച് വെക്കാൻ പോകുകയാണെങ്കിൽ അക്രമത്തിലേക്ക് നീങ്ങുമെന്നും പന്നുൻ ഭീഷണിപ്പെടുന്നു. എന്നാൽ, ഭീകരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കോമഡി ആയിരിക്കുകയാണ്.
സിഖ് ഫോർ ജസ്റ്റിസിന്റെ തലവനാണ് ഗുർപത്വന്ത് പന്നുൻ. ഇന്ത്യയ്‌ക്കെതിരെ ആക്രമണം മുഴക്കുന്ന വിഡിയോകൾ ഇതിനു മുൻപും പുറത്തു വിട്ടിരുന്നു. ഏറ്റവുമൊടുവിൽ അഹമ്മദാബാദില്‍ നടക്കുന്ന ഐസിസി ലോകകപ്പ് മത്സരത്തിനിടെ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. ഡല്‍ഹി ഖാലിസ്ഥാന്‍ ആയി മാറുമെന്നും പറഞ്ഞു. എന്നാൽ ഓരോ തവണ ഭീഷണി മുഴക്കുമ്പോഴും ഭീകരന് നേരെ ട്രോളുകളുടെ പ്രവാഹമാണ്. സമൂഹ മാധ്യമം ഒന്നടങ്കം പന്നുവിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വാഗതം, നിങ്ങൾക്ക് ആദരാഞ്ജലി നേരുന്നു, ഹാപ്പി ദീപാവലി, ഞങ്ങൾ കാത്തിരിക്കുന്നു, എന്നിങ്ങനെ നീളുന്നു കമന്റുകൾ.
2020 ജൂലൈയിലാണ് പന്നുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. തീവ്രവാദക്കുറ്റത്തിന് പുറമേ രാജ്യത്തിനെതിരെ പ്രചാരണം നടത്തുകയും പഞ്ചാബിലെ സിഖ് യുവാക്കളെ തീവ്രവാദത്തിലേയ്‌ക്ക് പ്രേരിപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പന്നുവിനെതിരെ ഉള്ളത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം പന്നുവിന്റെ കൃഷിഭൂമി കണ്ടു കെട്ടിയിരുന്നു. ഇന്ത്യയിലെ പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ 22 ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ ഉള്ളത്. സിഖുകാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അന്താരാഷ്ട്ര കോടതികളിൽ കേസുകൾ ഫയൽ ചെയ്യുന്നതിലും ഗുർപത്വന്ത് പന്നുൻ പങ്കാളിയാണ്.