സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ കനത്ത ബാറ്റിങ് തകർച്ചയാണ് ഇന്ത്യ നേരിട്ടത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 208 റൺ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. സൂപ്പർ താരങ്ങൾ പലരും അര്‍ധ സെഞ്ച്വറി പോലും നേടാനാകാതെ പുറത്തായി. കെ എല്‍ രാഹുലിന്റെ (70*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ കരയ്ക്കു കയറ്റിയത്. ടോപ് ഓർഡർ താരങ്ങളിൽ നായകൻ രോഹിത് ശർമ്മയാണ് പരിഹാസങ്ങൾ ഏറെയും കേൾക്കുന്നത്.
ലോകകപ്പിലെ തോൽവിയ്ക്കു ശേഷം കുറച്ചു നാളുകളായി രോഹിത് കനത്ത നിരാശയിലായിരുന്നു. അതിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലാണ് രോഹിത് കളത്തിലിറങ്ങുന്നത്. മികച്ച പ്രകടനത്തിനായി കാത്തിരുന്ന ആരാധകരെ നിരാശയിലാക്കി ചെറിയ സ്കോറിനു രോഹിത് പുറത്താക്കുകയായിരുന്നു. രോഹിതിന്റെ പുറത്താവലിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ‘സെൽഫ്‍ലെസ്’ എന്ന വാക്കാണ് താരത്തെ പരിഹസിച്ചുകൊണ്ട് എക്സ് പ്ലാറ്റ് ഫോമിൽ ട്രെൻഡിങ് ആയിരിക്കുന്നത്. സ്വാർത്ഥത ഒട്ടുമില്ലാത്ത രോഹിത് ശർമ പെട്ടെന്നു പുറത്തായി അടുത്ത താരത്തിന് അവസരം ഒരുക്കിയെന്നാണ് ആരാധകരുടെ പരിഹാസം.
കഗിസോ റബാദയുടെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ നന്ദ്രെ ബർഗർ ക്യാച്ചിലാണ് രോഹിത്ത് പുറത്തായത്. 14 പന്തുകൾ നേരിട്ട താരം നേടിയത് വെറും അഞ്ച് റൺസ് മാത്രം. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ മികച്ച പ്രകടനം നടത്താൻ രോഹിത് ശർമയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു അര്‍ധ സെഞ്ചറി പോലും നേടാൻ സാധിക്കാത്ത രോഹിത്തിന്റെ, ദക്ഷിണാഫ്രിക്കയിലെ ഉയർന്ന സ്കോർ 47 റൺസാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇതു 13–ാം തവണയാണ് റബാദ, രോഹിത് ശർമയെ പുറത്താക്കുന്നത്. കൂടുതൽ പ്രാവശ്യം രോഹിത് ശർമയെ പുറത്താക്കിയ താരമെന്ന റെക്കോർഡും റബാദയ്ക്ക് സ്വന്തം.
Read Also: നാണക്കേട് മറയ്ക്കണം; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് ടെസ്റ്റ്, സീനിയർ താരങ്ങൾ കളത്തിലേക്ക്