തൃപ്പൂണിത്തുറ: സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ചുണ്ടായ പാർട്ടി ഭാരവാഹികളുടെ കൂട്ടത്തല്ലിൽ പ്രതികളായ ആറ് പേർ അറസ്റ്റിൽ. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ആറ് പേരെയും റിമാൻഡ് ചെയ്തു.Six persons arrested in connection with Poonithura local committee meeting
സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ബൈജു (35), സൂരജ് ബാബു (36), പാർട്ടിയംഗങ്ങളായ കെ.ബി. സൂരജ്, സുരേഷ് ബാബു, പ്രസാദ്, ബാബു എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ സനീഷ്. കെ.എസ്, സുനിൽ കുമാർ എന്നിവർ ഒളിവിലാണ്. പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായ പൂണിത്തുറ കൊട്ടാരം റോഡ് മഠത്തിപ്പറമ്പ് മഠം അനിൽകുമാറിന്റെ (45) പരാതിയിലാണ് പൊലീസ് നടപടി.
മുൻ ലോക്കൽ കമ്മറ്റിയംഗത്തിനെതിരെ ഉയർന്ന സാമ്പത്തിക പരാതി ചർച്ച ചെയ്യാൻ നടന്ന യോഗത്തിലായിരുന്നു കൂട്ടത്തല്ല്. സി.പി.എം അനുഭാവികളായ പ്രതികളെ കൺസ്യൂമർ സ്റ്റോറിലെയും മറ്റും ക്രമക്കേട് കണ്ടറിഞ്ഞ് പാർട്ടിയിൽ തരം താഴ്ത്തിയതിലുള്ള വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്ന് ശനിയാഴ്ച രാത്രി 9.10ഓടെ പാർട്ടിയുടെ പൂണിത്തുറ ലോക്കൽ കമ്മിറ്റി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വന്ന അനിൽകുമാറിനെ ഇടിക്കട്ട ഉപയോഗിച്ചും മറ്റും ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പൊലീസ് കേസ്.
ഇത് കണ്ട് തടയാൻ വന്ന അനിൽ കുമാറിന്റെ സുഹൃത്തുക്കളും പാർട്ടിയംഗങ്ങളുമായ മരട് ഈരേപ്പാടത്ത് സന്തോഷ് (53), മരട് പീടിയേക്കൽ പറമ്പ് സത്യദേവൻ (62) എന്നിവരെയും പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നു.
പരിക്കേറ്റ മൂന്നു പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അടിപിടിയെ തുടർന്ന് ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ പ്രതികളിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സി.പി.എം പാർട്ടി സമ്മേളനങ്ങളിലേക്ക് കടന്നിരിക്കേ സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ നടന്ന കൂട്ടത്തല്ലും അറസ്റ്റും ജില്ലയിൽ തന്നെ പാർട്ടിക്ക് നാണക്കേടായി മാറി.
ബ്രാഞ്ച് സമ്മേളനങ്ങൾ ഒരോ ഏരിയയിലും നടന്നുവരികയാണ്. ഇതിനിടെ പൂണിത്തുറ ലോക്കൽ കമ്മിറ്റിയിലുണ്ടായ പൊട്ടിത്തെറി ഇനി നടക്കാനിരിക്കുന്ന ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലും രൂക്ഷ വാദ പ്രതിവാദങ്ങൾക്കിടയാക്കുമെന്നും സൂചനയുണ്ട്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തില്‍ കൂട്ടയടി നടന്ന സംഭവത്തില്‍ ഇന്ന് നടപടി വരും. എറണാകുളം സിപിഎം ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രകാരമുള്ള യോഗത്തിലാണ് നേതാക്കള്‍ തമ്മില്‍ അടിച്ചത്.
സംഭവത്തെ തുടര്‍ന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെ നീക്കിയിട്ടുണ്ട്. പേട്ട ജംഗ്ഷനിലെ പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിലും പുറത്തുമായാണ് അടി നടന്നത്. സംഭവത്തിൽ അറസ്റ്റിലായ ലോക്കൽ കമ്മിറ്റിയംഗമടക്കം ആറുപേരെ കോടതി റിമാൻഡ് ചെയ്തു.