പാറ്റ്ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. 14 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. സിവാൻ, സരൺ ജില്ലകളിലാണ് സംഭവം. സിവാനിൽ നാല് പേരും സരണിൽ രണ്ട് പേരുമാണ് മരിച്ചത്.
മഘർ, ഔരിയ പഞ്ചായത്തുകളിലായി മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് വിവരം ലഭിച്ചത്. ഉദ്യോഗസ്ഥ സംഘത്തെ ഉടൻ തന്നെ പ്രദേശത്തേക്ക് അയച്ചു. 12 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി അയച്ചു. എന്നാൽ അവരിൽ ഒരാൾ വഴിമധ്യേ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു എന്ന് സിവാൻ ജില്ലാ മജിസ്ട്രേറ്റ് മുകുൾ കുമാർ ഗുപ്ത പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഇവർ വ്യാജമദ്യം കഴിച്ചിരുന്നുവെന്നും തുടർന്നാണ് ആരോഗ്യാവസ്ഥ ഗുരുതരമായതെന്നും ഗ്രാമവാസികൾ ആരോപിച്ചു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘവും ഇക്കാര്യം അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
Six people died after consuming fake liquor in Bihar; 14 people are in serious condition