കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന നാടകഗാനം പോസ്റ്റുചെയ്ത എസ്‌ഐക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.
വാട്സാപ്പ് ഗ്രൂപ്പിന്റെ നിലവിലെ എലത്തൂര്‍ ഒഫീഷ്യല്‍ എന്ന പേര് മാറ്റി ടീം എലത്തൂര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇത് എസ്‌ഐയാണെന്ന് മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റം.
ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്. സ്റ്റേഷനിലെ നാല് പോലീസുകാര്‍ ഗ്രൂപ്പ് അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി ഗാനം പോസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു ഗാനം പോസ്റ്റ് ചെയ്തത്.
‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന ഗാനത്തിന് താഴെ ‘എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് എലത്തൂര്‍ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’ എന്ന് കൂടി എഴുതിയിടുകയും ചെയ്തതോടെയാണ് നടപടി.
ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. . സംസ്ഥാനത്ത് ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കൈരളി തിയേറ്റർ വളപ്പിൽ ആണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
എല്ലാ പ്രസാധകരുടെയും പുസ്തകം ഇവിടെ കിട്ടും. സംസ്ഥാന ബുക്ക് മാർക്കിന്റേതാണ് വെൻഡിങ് മെഷീൻ.ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടും.
മന്ത്രി സജി ചെറിയാൻ മെഷീന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദർശൻ, വിനു എബ്രഹാം, സി. റഹിം തുടങ്ങിയവർ പങ്കെടുത്തു. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം.