മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്
കോഴിക്കോട് ∙ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്.
കേസിലെ പ്രതിയായ ഷിംജിത മുസ്തഫയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം. ദീപകിന്റെ വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോണാണ് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഇതിന് പുറമേ ഷിംജിതയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഷിംജിതയിൽ നിന്ന് പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ ഫോണിൽ നിന്ന് വിവാദമായ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയതായും, ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷമാണ് പ്രചരിപ്പിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദൃശ്യങ്ങളുടെ യഥാർത്ഥത, എഡിറ്റിംഗ് നടന്ന രീതികൾ, ദൃശ്യങ്ങൾ എപ്പോൾ എവിടെ തയ്യാറാക്കിയതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത്.
അതേസമയം, ഷിംജിത നേരത്തെ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
എന്നാൽ നിലവിൽ ഷിംജിത പൊലീസ് കസ്റ്റഡിയിലായതിനാൽ ഈ അപേക്ഷ പരിഗണിക്കാതെ വിടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ഇതോടൊപ്പം, ഷിംജിത പുതിയൊരു ജാമ്യഹർജി കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
തനിക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ ഷിംജിത ഇപ്പോഴും ഉറച്ച നിലപാടിലാണ്.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം വിവാദ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്തതോടെയാണ് കേസ് ഗുരുതരമായ വഴിത്തിരിവിലെത്തിയത്.
ദീപകിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് നടന്നത്.
തുടർന്ന് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.









