ഇന്ന് രാവിലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും
വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ദൗത്യത്തിൻ്റെ ഭാഗമായി ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധർ മേഖലയിലുണ്ട്. കൂടാതെ സമീപ ജില്ലകളിൽ നിന്നുള്ള കൂടുതൽ ആർആർടി ഇന്ന് പ്രദേശത്ത് എത്തും.(Search for man-eater tiger at Manathavady in Wayanad)
ഇന്ന് രാവിലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും. തുടർന്ന് കടുവയെ ട്രാക്ക് ചെയ്താൽ ആർ ആർ ടി സംഘം ആ പ്രദേശത്തേക്ക് നീങ്ങും. മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീയെ കൊന്നത് കേരളത്തിൻ്റെ ഡാറ്റാബേസ്സിൽ ഇല്ലാത്ത കടുവയാണ് എന്നാണ് നിഗമനം. കടുവയുടെ ഐഡി ലഭ്യമാക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. കർണാടക വനം വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് കളക്ട്രേറ്റിൽ അവലോകന യോഗം ചേരും.