സ്റ്റാർട്ടുചെയ്ത സ്‌കൂട്ടർ പിന്നോട്ടുരുണ്ട് യാത്രികനുമായി വീണത് കിണറ്റിൽ
കോവളത്ത് സ്‌കൂട്ടറോടെ റോഡരികത്തെ ഉപയോഗശൂന്യമായ കിണറിൽ വീണയാളെ അഗ്നിരക്ഷാസേനാധികൃതർ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
വെങ്ങാനൂർ ചാവടിനട സ്വദേശിയെയാണ് കിണറിനുളളിൽ നിന്ന് നീളമുളളഗോവണിയുപയോഗിച്ച് അഗ്നിരക്ഷാസേനയുടെ വിഴിഞ്ഞം യൂണീറ്റിലെ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു കോവളം ബീച്ചിന് സമീപം സ്വകാര്യ റിസോർട്ടിനടുത്താണ് അപകടമെന്ന് അധികൃതർ പറഞ്ഞു.
റോഡരുകത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ സ്റ്റാർട്ടുചെയ്തപ്പോൾ പിന്നോട്ടുരുണ്ട് സമീപത്തെ 10 അടിയോളം താഴ്ചയുളള കിണറിനുളളിൽ അകപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹ്യത്തുക്കൾ കോവളം പോലീസ് സ്‌റ്റേഷനിലും അഗ്നിരക്ഷാസേനയെയും വിവമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനായി.
സേനാംഗങ്ങളായ സനു, രാജശേഖർ, പ്രദീപ്, ഷിജു, ശ്യാംധരൻ, വിപിൻ, സദാശിവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉപയോഗ ശൂന്യമായ കിണർ അടിയന്തരമായി നികത്തുകയോ മൂടുകയോ ചെയ്യണമെന്ന് അഗ്നിരക്ഷാസേനാധികൃതർ പറഞ്ഞു.
ഇടുക്കി ഇരട്ടയാറിൽ അപകടഭീഷണി ഉയർത്തുന്ന കലുങ്കിന് റിബ്ബൺ കൊണ്ടു സുരക്ഷ..!
ഇടുക്കി ഇരട്ടയാറിൽ അപകടഭീഷണി ഉയർത്തി നോർത്ത് വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക്. മഴയിലും കനത്ത വെള്ളമൊഴുക്കിലും കലുങ്കിന്റെ കൽക്കെട്ട് ഇളകി മാറിയിരുന്നു.
എന്നാൽ അധികൃതർ ശ്രദ്ധിക്കാതായതോടെ കൽക്കെട്ട് ഇടിഞ്ഞ് കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലായി. ഇതോടെ പൊതുമരാമത്ത് അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും അപകട ഭീഷണിയുള്ള പ്രദേശത്ത് റിബ്ബൺ കെട്ടി മടങ്ങി.
ബസുകളും ലോഡ് കയറ്റി മൾട്ടി ആക്‌സിൽ ലോറികളും ഉൾപ്പെടെ പ്രദേശത്തുകൂടി കടന്നു പോകുന്നതാണ്. ഭാരവാഹനങ്ങൾ പ്രദേശത്ത് നിർത്തിയാൽ കലുങ്ക് ഇടിഞ്ഞുതാഴ്ന്ന് അപകടം ഉറപ്പാണ്.
പ്രദേശത്തുകൂടി വരുന്ന ഡ്രൈവർമാരോട് നാട്ടുകാർ റോഡിന്റെ അപകടഭീഷണി പറഞ്ഞു മനസിലാക്കിയാണ് കടത്തി വിടാറുള്ളത്.
വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് കലുങ്കിന്റെ അപകട ഭീഷണിക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
താലൂക്ക് സപ്ലൈ ഓഫീസർ റേഷനകട അടച്ചുപൂട്ടാനെത്തിയത് അടിച്ച് പാമ്പായി; ഓടിച്ചിട്ട് പിടിച്ച് മദ്യപരിശോധന നടത്തിച്ച് നാട്ടുകാർ
താലൂക്ക് സപ്ലൈ ഓഫീസർ റേഷനകട അടച്ചുപൂട്ടാനെത്തിയത് അടിച്ച് പാമ്പായി; ഓടിച്ചിട്ട് പിടിച്ച് മദ്യപരിശോധന നടത്തിച്ച് നാട്ടുകാർ
കോതമംഗലം: റേഷൻകട സസ്പെൻഡ് ചെയ്യാൻ താലൂക്ക് സപ്ലൈ ഓഫീസർ എത്തിയത് മദ്യപിച്ച്. നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് മദ്യപരിശോധന നടത്തിയതോടെ സപ്ലൈ ഓഫീസർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇരമല്ലൂരിലാണ് സംഭവം.
താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചനെതിരെയാണ് പൊലീസ് കേസെടുത്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന്റെ പേരിൽ ഇയാൾക്കെതികെ വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടാകുമെന്നാണ് സൂചന.
ഇരമല്ലൂർ നമ്പർ 14 ലൈസൻസി സി.എം. അലിയാരിന്റെ റേഷൻകട സസ്പെൻഡ് ചെയ്യാനാണ് ഷിജു കെ തങ്കച്ചൻ മദ്യപിച്ചെത്തിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇരമല്ലൂർ നമ്പർ 14 റേഷൻകടയുടെ ലൈസൻസിയായ സി.എം. അലിയാർ കട അരമണിക്കൂർ താമസിച്ച് തുറന്നതിനാൽ, റേഷൻകട സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചു.
ആദ്യം റേഷനിങ് ഇൻസ്പെക്ടർ കടയിൽ എത്തിയെങ്കിലും, ലൈസൻസി സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന്, താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ സ്ഥലത്തെത്തി.
ഓഫീസർ നടപടികൾ ആരംഭിച്ചപ്പോൾ, കടയുടമ, നാട്ടുകാർ, മറ്റ് റേഷൻ വ്യാപാരികൾ എന്നിവരുമായി വാക്കുതർക്കം ഉണ്ടായി. ഓഫീസർ ജോലി തടസ്സപ്പെടുത്തുന്നതായി പൊലീസിൽ അറിയിച്ചെങ്കിലും, നാട്ടുകാരിൽ ചിലർ അദ്ദേഹത്തിന്റെ മദ്യപാനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.
ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓഫീസറെ, റേഷൻ സംഘടന ഭാരവാഹികളുടെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു.
പിന്നീട് നെല്ലിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, ഓഫീസർ പരിശോധനയ്ക്ക് വിസമ്മതിച്ചു. ഇതോടെ ഓഫീസർ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.
പിന്നീട് പൊലീസ് സാന്നിധ്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഷിജു കെ. തങ്കച്ചൻ മദ്യപിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് ഈ വിവരം ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വകുപ്പുതല പ്രാഥമിക അന്വേഷണത്തിന് ശേഷം റിപ്പോർട്ട് തിരുവനന്തപുരം കമ്മീഷണർ ഓഫീസിലേക്ക് അയച്ചു.
ഓഫീസറെ പിന്നീട് ശാരീരിക അസ്വാസ്ഥ്യം മൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, റേഷനിങ് ഇൻസ്പെക്ടർ നെല്ലിക്കുഴി വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ റേഷൻകട സീൽ ചെയ്തു. എന്നാൽ, മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കട തുറന്ന് കൊടുക്കാൻ ധാരണയായതായി സൂചന.
റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കട തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് ഉച്ചയ്ക്ക് 12-ന് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് റേഷൻവ്യാപാരികൾ അറിയിച്ചു.