കോഴിക്കോട്: കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്‌കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്ദുറഹ്‌മാൻ എന്നയാളുടെ ആക്‌സസ് സ്‌കൂട്ടർ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കണ്ണൂർ ജില്ലയിലെ കപ്പകടവ് സ്വദേശി കപിൽ ദേവനെ (32) യാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് അബ്ദുറഹ്‌മാൻ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കവേ നഷ്ടപ്പെട്ട വാഹനം കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ ഓടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചെമ്പൻകുന്ന് എന്ന സ്ഥലത്തുവെച്ച് കപിൽ ദേവനെ മോഷണം നടത്തിയ സ്‌കൂട്ടർ സഹിതം കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
കണ്ണൂർ ജില്ലയിൽ വളപട്ടണം, ടൗൺ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കപിൽ ദേവന്റെ പേരിൽ വേറെയും കേസുകളുണ്ട്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചതും വഴിയാത്രക്കാരിയുടെ മൂന്നര പവൻ വരുന്ന മാല പിടിച്ചുപറിച്ചതും അടിപിടി കേസും ഇതിൽ ഉൾപ്പെടും. ടൗൺ സ്‌റ്റേഷനിലെ എസ്‌ഐമാരായ സൂരജ്, മനോജ് കുമാർ, എഎസ്‌ഐ റിനീഷ് കുമാർ, സീനിയർ സവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, പ്രവീൺ കുമാർ, ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, രമേശൻ എന്നിവരുൾപ്പെട്ട സംഘമാണ് കപിൽ ദേവനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.