സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷരമായ കാര്യമാണ്. തൊഴിലിടങ്ങളിലും മറ്റും കിട്ടാതെ
വരുമ്പോള്‍ അനുഭവിക്കുന്ന ഹൈപ്പര്‍ ടെന്‍ഷന് സാധ്യത കൂടും.
ജോലി സ്ഥലത്ത് വിവേചനം അനുഭവിക്കാത്തവരെ അപേക്ഷിച്ച് അത് നേരിട്ടവര്‍ക്ക് രക്തസമ്മര്‍ദം കൂടാനുള്ള സാധ്യത 54% ആണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
അമേരിക്കയില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ 1246 പേരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തില്‍ പങ്കെടുക്കും മുമ്പ് രക്തസമ്മര്‍ദമോ, ഹൈപ്പര്‍ടെന്‍ഷനോ ഇല്ലാത്തവരായിരുന്നു അവരെല്ലാം. പകുതി പേര്‍ സ്ത്രീകളും പകുതി പേര്‍ പുരുഷന്മാരുമായിരുന്നു. എട്ടുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ വിലയിരുത്തലില്‍ എത്തിയത്.
മിതമായ രീതിയില്‍ വിവേചനം നേരിട്ടവരിലും ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇക്കൂട്ടരില്‍ 22% ആണ് ഹൈപ്പര്‍ടെന്‍ഷനുള്ള സാധ്യത വര്‍ധിച്ചത്.
ജോലിയുടെ സ്വഭാവം, ജോലിസ്ഥലത്തെ അന്തരീക്ഷവും വ്യക്തികളുടെ പെരുമാറ്റവും, അവഗണനയും വിവേചനവും നേരിടുന്നുണ്ടോ, സ്ഥാനക്കയറ്റം നീതിപൂര്‍വമാണോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കൊടുവിലാണ് ഹൈപ്പര്‍ടെന്‍ഷനുമായുള്ള ബന്ധം വ്യക്തമായത്.
വിവേചനം നേരിടുകവഴി മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കാമെന്നും അതിലൊന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നും പഠനത്തില്‍ പങ്കാളികളായ ഗവേഷകര്‍ വ്യക്തമാക്കി. തൊഴിലിടത്തിലെ അമിതസമ്മര്‍ദം വഴി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്‌ട്രെസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോണ്‍, അഡ്രിനാലിന്‍ തുടങ്ങിയവ ബി.പി. കൂട്ടുന്നവയാണ്. രക്തസമ്മര്‍ദം കൂടുക വഴി മെറ്റബോളിക് തകരാറുകളും ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിക്കാനിടയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
സമ്മര്‍ദം അകറ്റാന്‍ ചില വഴികള്‍
- സമ്മര്‍ദത്തിന് ഇടയാക്കിയ സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തുക.
- പ്രശ്നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുക.
- ദിനചര്യ ആസൂത്രണം ചെയ്യുക. ടൈം മാനേജ്മെന്റ് പരിശീലിക്കുക, നീട്ടിവയ്ക്കലുകള്‍ ഒഴിവാക്കുക.
- വിവിധയിനം റിലാക്സേഷന്‍ രീതികള്‍ അഭ്യസിക്കുക .
- വ്യായാമവും ആരോഗ്യഭക്ഷണവും ശീലമാക്കുക.
- അവരവര്‍ക്ക് വേണ്ടി അല്പം സമയം ചെലവഴിക്കുക.
- സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നതും അവയെക്കുറിച്ച് എഴുതിവയ്ക്കുന്നതും സമ്മര്‍ദം കുറയ്ക്കും.
- സ്വന്തം ശരീരത്തെ പരിപാലിക്കുക.
- ആറു മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക.
- പറയേണ്ട കാര്യങ്ങള്‍ സമാധാനപരമായി അവതരിപ്പിക്കുവാന്‍ ശീലിക്കുക.
- ദേഷ്യപ്പെടല്‍ കഴിയുന്നത്ര ഒഴിവാക്കുക, കോപനിയന്ത്രണം പരിശീലിക്കുക.
- ഒഴിവുസമയങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുകയും ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ പങ്കെടുക്കുകയും ഹോബികള്‍ കണ്ടെത്തുകയും ചെയ്യുക.
- ഓമനമൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്തുകയും ദിനവും അല്പസമയം അവയ്ക്കൊപ്പം ചെലവഴിക്കുകയും ചെയ്യുക.
- പ്രിയപ്പെട്ടവരോടൊപ്പം ഗുണനിലവാരമുള്ള സമയം പങ്കുവയ്ക്കുക.
- കൂട്ടുകാരോടും സഹോദരങ്ങളോടും അച്ഛനമ്മമാരോടും കുട്ടികളോടും സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും സമ്മര്‍ദത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാനും സമ്മര്‍ദം ചെറുക്കാന്‍ മെച്ചപ്പെട്ട വഴികള്‍ കൈക്കൊള്ളാനും സഹായിക്കും.
- ചെറിയ വെല്ലുവിളികള്‍ ഏറ്റെടുത്തു ശീലിക്കുന്നത് വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കും.
- ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക.
Read Also: പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാം; ലക്ഷണങ്ങൾ ഇവയൊക്കെ