ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 10 കിലോമീറ്റർ വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയിൽ നിന്നും ഗർഭിണിയെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രസവം സുരക്ഷിതമാക്കി.
നവംബർ 12 ന് അർധരാത്രി രണ്ടു മണിക്ക് ഇടമലക്കുടി പഞ്ചായത്തിലെ ഉന്നതയിൽ നിന്ന് ബന്ധുക്കൾ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി.
ഗർഭിണിയായ യുവതിക്ക് നടുവുവേദനയാണെന്നു അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം ഉടനടി ഉന്നതിയിലെ വീട്ടിലെത്തി യുവതിയെ പരിശോധിക്കുകയായിരുന്നു.
ക്ഷയരോഗ ബോധവൽക്കരണവുമായി ബന്ധപ്പെട്ടു കുടുംബാരോഗ്യകേന്ദ്രത്തിൽ തങ്ങുകയായിരുന്ന തൊടുപുഴ മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. എസ്. ഡി. അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കൽ ഓഫീസർ ഡോ. സഖിൽ രവീന്ദ്രൻ, നേഴ്സിങ് ഓഫീസർ വെങ്കിടേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് എട്ടുമാസം ഗർഭിണിയായ സ്ത്രീക്ക് അടിയന്തര പരിചരണം നൽകിയത്.
പരിശോധനയിൽ പ്രസവ വേദനയാകാം എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അടിയന്തിരമായി ആംബുലൻസ് എത്തിച്ച തുടർ ചികിത്സക്കായി രാവിലെ 7.30 ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലെ പരിശോധനയിൽ പ്രസവവേദന സ്ഥിരീകരിക്കുകയും കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ വികാസത്തിന് ഉൾപ്പെടെയുള്ള മരുന്നും നൽകി.
ഇന്നലെ (13) ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകി. താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് സോളി പി മാത്യു നേതൃത്വത്തിൽ സിംഗ് ഓഫീസർ മീനാകുമാരി ജി നഴ്സിങ് അസിസ്റ്റന്റ് ഫ്ലൈമി വർഗീസ് എന്നിവർ ഉൾപ്പെട്ട സംഘം പ്രസവ ചികിത്സയ്ക്ക് നേതൃത്വം നൽകി.
കൃത്യസമയത്ത് ആംബുലൻസിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ കുട്ടിയുടെയും അമ്മയുടെയും ജീവൻ ഒരുപോലെ രക്ഷിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ആരോഗ്യകേന്ദ്രം ജീവനക്കാർ.









