സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ‘സാരി’ കൊലപാതക പരമ്പരയിലെ പ്രതിയെ തേടി പോലീസ്. . കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒൻപത് സ്ത്രീകളെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് സംഭവം. Sari’ serial killer killed 13 women in one year
ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 2ന് അനിത എന്ന സ്ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പൊലീസ് പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഓരോന്നും നവംബറിൽ രണ്ട് കൊലപാതകങ്ങളുമാണ് ബറേലി ജില്ലയിലെ വിവിധ ഇടങ്ങളിൽ നടന്നത്.
സ്ത്രീകളെ കൊലപ്പെടുത്തിയ രീതി പരിശോധിച്ച പൊലീസ്, കൃത്യത്തിന് പിന്നിൽ ഒരു പരമ്പരക്കൊലയാളിയാകാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് പോലീസ് സ്റ്റേഷൻ പരിധികളിലായി എട്ട് സ്ത്രീകളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്.
45 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം സ്ത്രീകളെയും അവർ ധരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്ന പ്രദേശങ്ങളിലെ ആളുകളുമായി സംസാരിച്ച ശേഷമാണ് ബറേലി ജില്ലാ പൊലീസ് മൂന്ന് പ്രതികളുടെ രേഖാചിത്രങ്ങൾ തയാറാക്കിയത്.
കരിമ്പ് തോട്ടങ്ങളിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ പരിശോധിച്ചതിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൊലപാതകം തുടർക്കഥയായതോടെ, പൊലീസ് രാത്രികാല പട്രോളിങ് ഊർജിതമാക്കിയിരുന്നു. കൊലയാളിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.