കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയിൽ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും സ്ഥാനാർഥികളാകും. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും സംഗീത മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ സംഗീത 9,286 വോട്ട് നേടിയിരുന്നു.
കേരളാ കോൺഗ്രസുകാർ ഏറ്റമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് തുഷാർ കൂടി എത്തതുന്നതോടെ കനത്ത മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്നു തുഷാർ വെള്ളാപ്പള്ളി.
കോട്ടയത്ത് നൂറു ശതമാനവും വിജയിക്കുമെന്നും തുഷാർ പറഞ്ഞു. റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുക നരേന്ദ്രമോദി സർക്കാരിന് മാത്രമാണ്.ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 250 രൂപ റബറിന് അടിസ്ഥാന വില നിശ്ചയിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതിന്റെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
കോട്ടയത്ത് ജയിക്കാൻ കഴിയുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് പതിനെട്ടാം തീയതിയും ഇടുക്കിയിൽ ഇരുപതാം തീയതിയും കൺവെൻഷൻ നടക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ആറ് മാസത്തോളമായി പ്രചാരണവുമായി പാർട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാർ പറഞ്ഞു.
ഇടുക്കിയിൽ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും
ബിഡിജെഎസ് സ്ഥാനാർഥികളാകും.