തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇന്ന് രാവിലെ ജയിലില്‍ വെച്ചാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് രാജീവരെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ആവശ്യമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് വിലയിരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്.
സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തതിന് ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് രാജീവരെ ഇന്നലെ രാത്രി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് മാറ്റിയത്.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കണ്ഠരര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി കടത്തിയ കേസിലാണ് നിലവില്‍ തന്ത്രിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കട്ടിളപ്പാളി നീക്കം ചെയ്യുന്നതിന് തന്ത്രി ഒത്താശ ചെയ്തു, ആചാരലംഘനങ്ങള്‍ക്ക് കൂട്ട് നിന്നു തുടങ്ങിയ കുറ്റങ്ങളാണ് എസ്ഐടി ചുമത്തുന്നത്.
കട്ടിളപ്പാളി കൊണ്ടുപോകാന്‍ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും മറ്റ് പ്രതികള്‍ക്കും മൗനാനുവാദം നല്‍കിയതായും, ആചാരങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതിരുന്നതായും അറസ്റ്റ് നോട്ടീസില്‍ വ്യക്തമാക്കുന്നു.
കേസില്‍ 13-ാം പ്രതിയായാണ് കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്നും തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി എന്നും എസ്ഐടി അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കിയത് തന്ത്രിയാണെന്നും, ശബരിമലയിലെ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ ഈ അടുത്ത ബന്ധമാണെന്നും ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
English Summary
Sabarimala gold robbery case accused and priest Kandarar Rajeevar, currently in judicial custody, was taken to Thiruvananthapuram General Hospital after experiencing health issues in jail.
sabarimala-gold-theft-case-priest-kandarar-rajeevar-health-issue
Sabarimala, gold theft case, Kandarar Rajeevar, temple controversy, SIT investigation, Travancore Devaswom Board, Kerala news, judicial remand









