ശബരിമല സ്വർണക്കൊള്ള; ഇഡി മല കയറും
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തുന്നതിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തെ ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയതോടെ ഇ.ഡിയുടെ അന്വേഷണത്തിന് വഴിയൊരുങ്ങി.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെയും ഓരോ മൊഴിയുടെയും പകർപ്പുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ പുതിയ ഹർജി നൽകണമെന്ന് ഹൈക്കോടതി ഇ.ഡിയോട് നിർദേശിച്ചു.
സർക്കാരിന്റെ നിലപാട് കേട്ടശേഷം അനുയോജ്യമായ തീരുമാനം സ്വീകരിക്കണമെന്ന് മജിസ്ട്രേറ്റിനും നിർദ്ദേശം നൽകി.
അതേസമയം, 2014 മുതൽ 2025 വരെയുള്ള ദേവസ്വം ബോർഡ് ഇടപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഒരു മാസം കൂടി സമയം നീട്ടി നൽകി.
ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് സമർപ്പിച്ച പുരോഗതി റിപ്പോർട്ട് തൃപ്തികരമാണെന്ന് വിലയിരുത്തി. നേരത്തെ നൽകിയ ആറാഴ്ച സമയം ഇന്നലെ അവസാനിച്ചിരുന്നു.
ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നാവശ്യപ്പെട്ട് ഇ.ഡിയുടെ അപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ, കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു.
എഫ്.ഐ.ആറും അനുബന്ധ രേഖകളും പൊതുരേഖയായതിനാൽ ലഭ്യമാക്കണമെന്നായിരുന്നു ഇ.ഡിയുടെ വാദം. കൃത്യമായ കാരണങ്ങളും വസ്തുതകളും ചൂണ്ടിക്കാട്ടി പുതിയ അപേക്ഷ നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
റാഷ്ട്രീയ പ്രത്യാഘാതം
- സ്വർണക്കൊള്ള അന്വേഷണത്തിൽ ബെംഗളൂരു കേന്ദ്രമായി കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സംശയമാണ് ഇ.ഡിക്ക്.
നിലവിൽ എസ്.ഐ.ടി അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. ഇതോടൊപ്പം കള്ളപ്പണ ഇടപാടുകളും പരിശോധിക്കും.
- ഇ.ഡി രംഗത്തെത്തുന്നത് സർക്കാരിനും സി.പി.എം-നും പ്രതിക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന ആശങ്കയും ഉയരുന്നു.
- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കുമെന്ന് എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കിയതോടെ, അധികാരസ്ഥാനത്തുള്ളവർക്കെതിരെയും അന്വേഷണം തിരിയാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
English Summary
The Kerala High Court clarified that it has not barred the Enforcement Directorate (ED) from probing the money-laundering angle in the Sabarimala gold heist case, paving the way for the central agency to proceed. The court directed the ED to file a fresh application before the Ranni Magistrate Court seeking copies of the FIR and witness statements registered by the Crime Branch. The Magistrate has been asked to consider the request after hearing the State government.
sabarimala-gold-heist-ed-probe-high-court-direction-kerala
Kerala, Sabarimala, Gold Heist, Enforcement Directorate, High Court, Crime Branch, SIT, Money Laundering, Political Impact, Kochi









