തൊട്ടു വെച്ച സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കൊയ്തത് കോടികൾ. തേടിയെത്തിയ അംഗീകാരങ്ങളുടെ കണക്കെടുത്താൽ അനവധി. 12 സിനിമകൾ ചെയ്തതിൽ പന്ത്രണ്ടും തീയറ്ററുകളിൽ സൂപ്പർ ഹിറ്റ്. ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്നു. ഇന്ത്യയിൽ എന്നല്ല ലോകമൊട്ടാകെ പ്രശസ്തനായ, നിരവധി ചരിത്ര റെക്കോർഡുകൾ കൊയ്ത സംവിധായകൻ ശ്രീശൈല ശ്രീ രാജമൗലി എന്ന എസ് എസ് രാജമൗലിക്ക് ഇന്ന് 50-ാം പിറന്നാൾ.
എസ് എസ് രാജമൗലിയുടെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. സ്റ്റുഡൻഡ് നമ്പർവൺ, സംഹാദ്രി, സെയ്, വിക്രമർക്കുഡു, ഛത്രപതി, യമദോംഗ, മഗധീര,മര്യാദ രാമണ്ണ, ഈഗ, ബാഹുബലി: ദ ബിഗിനിങ്, ബാഹുബലി 2, ആർ ആർ ആർ എന്നീ പന്ത്രണ്ടു ചിത്രങ്ങൾ അദ്ദേഹം അരങ്ങിലെത്തിച്ചു. 2001-ൽ സ്റ്റുഡൻഡ് നമ്പർവൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രാജമൗലി 2023 ആയപ്പോഴേക്കും ലോക സിനിമകൾക്കിടയിൽ ഇന്ത്യൻ മുദ്ര പതിപ്പിച്ചു. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിന്റെ മികച്ച സംവിധായകനുള്ള അവാർഡ് അദ്ദേഹത്തെ ലോക പ്രശസ്തനാക്കി മാറ്റുകയായിരുന്നു.
രാജമൗലി ദി ഹിറ്റ് മേക്കർ
ഈഗ, മഹാധീര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമുള്ള എസ്എസ് രാജമൗലിയുടെ ചിത്രം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ വളരെ കാലമായി കാത്തിരുന്ന ചിത്രമാണ് ബാഹുബലി. മഹിഷ്മതി രാജ്യവും അവിടുത്തെ രാജവംശത്തിലെ അധികാര തര്‍ക്കവും ഒരു അമര്‍ചിത്രകഥയുടെ ഫാന്‍റസി പോലെയാണ് ബാഹുബലി രാജമൗലി അവതരിപ്പിച്ചത്. സാങ്കേതിക മികവാണ് ചിത്രത്തെ പ്രേക്ഷക പ്രീതി നേടിയെടുക്കുവാന്‍ സഹായിച്ചത്. ബാഹുബലി 2015 ജൂലൈ 10നാണ് നാല്ഭാഷകളിലായി 4000 ത്തോളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ ചിത്രം ഇറങ്ങി. 2015 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്കാരവും ബാഹുബലി നേടി. പ്രഭാസ്, റാണ, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി, സത്യരാജ്, രമ്യകൃഷ്ണന്‍, നാസര്‍ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ ബാഹുബലിയുടെ ആദ്യ ഭാഗം പത്ത് ദിവസത്തിനുള്ളിൽ നേടിയ കളക്ഷൻ 335 കോടി രൂപയാണ്. ഒന്നാം ഭാഗത്തോട് വളരെയധികം നീതി പുലർത്തിയ ചിത്രമായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗവും. ആദ്യപാതിയിൽ മഹേന്ദ്ര ബാഹുബലിയായിരുന്നു നായകനെങ്കിൽ രണ്ടാം ഭാഗത്തിന്റെ 80% സമയത്തും അച്ഛൻ അമരേന്ദ്ര ബാഹുബലിയാണ് നായകൻ. രണ്ടുപേർക്കും സംവിധായകൻ കൊടുത്തിരിക്കുന്ന ശരീരഭാഷയിലെ വൻ വ്യത്യാസവും പ്രഭാസ് എന്ന നടൻ തന്റെ അഭിനയമികവ് പ്രാവർത്തികമാക്കിയിരിക്കുന്നതും ശ്രദ്ധേയം.
തുടർന്ന് മൂന്നര വർഷത്തിന് ശേഷം അദ്ദേഹം മാസ് തിരിച്ചുവരവ് നടത്തിയത് ആർ ആർ ആറിലൂടെയായിരുന്നു. രാംചരണും ജൂനിയർ എൻ ടി ആറും മത്സരിച്ച് അഭിനയിച്ച ചിത്രം സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു യുദ്ധ നാടകമാണ്. ബ്രിട്ടീഷുകാർ എത്ര ഹൃദയശൂന്യരായിരുന്നുവെന്നും ഇന്ത്യക്കാരുടെ വീര്യവും ധൈര്യവും എത്രത്തോളം ഉണ്ടായിരുന്നെന്നും ആർ ആർ ആർ വരച്ചു കാണിക്കുന്നു. ഫയർ വേഴ്സസ് വാട്ടർ കൺസെപ്റ്റ് ആണ് ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണം. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ആർ ആർ ആർ വാരിക്കൂട്ടിയ അവാർഡുകൾ കുറച്ചൊന്നുമായിരുന്നില്ല. ആർആർആറിലെ ‘നാട്ടു നാട്ടു’ ന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് രാജ്യത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിൽ ക്രിട്ടിക്സ് ചോയ്സ് അവാർഡ്, ഓസ്കാർ റിമൈൻഡർ ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന ചിത്രങ്ങളിലൊന്ന്. അങ്ങനെ ആർആർആറിലൂടെ എത്തിപിടിക്കേണ്ട ദൂരങ്ങളെല്ലാം കൈപ്പിടിയിൽ ഒതുക്കിയ സംവിധായകനാണ് അദ്ദേഹം.
അണിയറയിൽ മറ്റൊരു സൂപ്പർ ഹിറ്റ് ഒരുങ്ങുന്നു
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇൻ ഇന്ത്യ’യിലൂടെ ആഗോളതലത്തിൽ മുന്നേറാനുള്ള ഒരുക്കത്തിലാണ് രാജമൗലി. എന്നാൽ സംവിധായകന് പകരം ഇക്കുറി അണിയുന്നത് നിർമാതാവിന്റെ വേഷമാണ്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ഈ സിനിമയുടെ ആദ്യ വിവരണത്തിൽ തന്നെ ഈ ചിത്രത്തിൻറെ വികാരം എനിക്ക് ലഭിച്ചു എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്തു വിട്ടുകൊണ്ട് അദ്ദേഹം പറയുന്നു.
തൊടുന്നതെല്ലാം പൊന്നാക്കുന്ന, കോടികൾ കൊയ്യാനുള്ള രാജമൗലിയുടെ പരിശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. ദൃശ്യങ്ങളുടെ പ്രാധാന്യം പ്രേക്ഷകനെ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനും രാജമൗലി ചിത്രങ്ങൾ മികച്ച ഉദാഹരണങ്ങളാണ്.
Read Also: ഹോട്ട് ഗേൾ മിയ ഖലീഫ ഔട്ട്. പ്ലേ ബോയ്ക്കും വേണ്ട.