ജനിച്ച മണ്ണും പ്രിയപ്പെട്ടവരെയും താൽക്കാലികമായെങ്കിലും ഉപേക്ഷിച്ച് മലയാളികൾ വിദേശത്തേക്ക് കുടിയേറുന്നത് ജീവിതം എങ്ങിനെയും കരുപ്പിടിപ്പിപ്പിക്കാമെന്ന മോഹവുമായാണ്. നേഴ്‌സുമാർ ഉൾപ്പെടെ നിരവധി മലയാളികൾ ബ്രിട്ടൻ പോലെ മനോഹരമായ രാജ്യത്തേക്ക് ജോലിതേടി പോകുന്നത് കുടുംബവുമായി ഒപ്പം കഴിയുമെന്നും നല്ല ഭാവി ഉണ്ടാകുമെന്നുമൊക്കെ സ്വപ്നം കൊണ്ടുതന്നെയാണ്.
എന്നാൽ, വീടുവിറ്റും ,പണയം വച്ചും ഉള്ളതെല്ലാം വിറ്റുപെറുക്കിയും ഇല്ലാത്ത കാശുണ്ടാക്കി ഏജന്റിന് കൊടുത്ത് യുകെയിലെത്തി ചതിക്കപ്പെട്ട് ജോലിയില്ലാതെ പട്ടിണി കിടന്നു നരകിക്കുന്നവരും നിരവധിയാണ്. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരും മറ്റ് ഇടനിലക്കാരും ഉൾപ്പെടുന്ന സംഘത്തിന്റെ വലയിൽപ്പെട്ട് ചതിക്കപ്പെടുന്നവർക്ക് കാലങ്ങളായി അത്താണിയായി മാറിയിരിക്കുന്ന ഒരു കൂട്ടം ആളുകളും അവരുടെ മാർഗദർശിയായി മാറിയ ഒരു മലയാളിയും ഇംഗ്ലണ്ടിലുണ്ട്.
ബ്രിട്ടനിലെ മലയാളികൾക്കിടയിലുള്ള ഏറ്റവും വലിയ സമൂഹമാധ്യമ ഗ്രൂപ്പായ ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പും അതിനു നേതൃത്വം നൽകുന്ന റോയ് ജോസഫ് എന്ന കോട്ടയംകാരനും ആണ് ഇന്ന് യുകെ മലയാളികൾക്ക് ആശ്വാസമാകുന്നത്. 57000 ലധികം അംഗങ്ങളുള്ള ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി അനേകർക്ക് ആശ്വാസമാകുകയാണ് റോയ് ജോസഫും അദ്ദേഹത്തിനെ ഒപ്പം നിൽക്കുന്ന മറ്റുള്ളവരും.
യുകെയിൽ മെയിൽ നേഴ്സായ റോയ് ജോസഫ് രൂപം നൽകിയ ഈ ഫേസ്ബുക്ക് കൂട്ടായ്മ ബ്രിട്ടനിലെത്തി കബളിപ്പിക്കപ്പെട്ടവർക്കായി കാലങ്ങളായി നടത്തുന്ന സാമൂഹിക ഇടപെടലുകൾ നിരവധിയാണ്. നാട്ടിൽ ഇവർ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. നാട്ടിൽ ജപ്തിയുടെ വക്കിൽ നിൽക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക് സഹായവുമായി ഇദ്ദേഹം ഓടിയെത്താറുണ്ട്.
വിസതട്ടിപ്പ് ഉൾപ്പെടെ നിരവധി ആളുകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയതിന്റെ പേരിൽ ഇവരുടെ നിരവധി ഭീഷണികളും ഇദ്ദേഹത്തിന് വരുന്നുണ്ട്. ഇത്തരത്തിൽ ഒരു തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിന്റെ പേരിൽ അല്പനാൾ മുൻപ് ഇദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണം വരെ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു.
തക്കസമയത്ത് പോലീസിനെ വിളിച്ചതുകൊണ്ടാണ് അന്ന് അദ്ദേഹം രക്ഷപെട്ടത്. എന്നാൽ തെല്ലും ഭയമില്ല എന്നും തട്ടിപ്പുകാർക്കെതിരെ നിരന്തരം ശബ്ദമുയർത്തും എന്നുമാണ് അദ്ദേഹം പറയുന്നത്.
തന്റെ ജോലിത്തിരക്കിനിടയിലും സഹായം തേടിയെത്തുന്ന ആളുകളെ വെറുംകൈയോടെ മടക്കി അയക്കാൻ താൻ തയ്യാറല്ല എന്നതാണ് റോയി ജോസഫിന്റെ നിലപാട്. വയനാട് ദുരന്തത്തിനിരയായവർക്കും ‘ഇംഗ്ലണ്ടിലെ അച്ചായന്മാർ’ ഫേസ്ബുക്ക് കൂട്ടായ്മ കൈത്താങ്ങായി സാമ്പത്തിക സഹായം കൈമാറിയിരുന്നു.
സഹായിച്ചവർ തന്നെ തിരിഞ്ഞുകൊത്തിയ അനുഭവങ്ങളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒന്നും തിരിച്ചു മോഹിക്കാതെ താൻ സഹായിച്ചവർ കുറ്റം പറയുന്നത് കേൾക്കുമ്പോൾ അല്പം വിഷമമൊക്കെ ഉണ്ടാകുമെങ്കിലും ഇതൊന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്നും അർഹതയുള്ളവർക്ക് തന്റെ സഹായം ഇപ്പോഴും ഉണ്ടാകുമെന്നുമാണ് റോയിച്ചന്റെ നിലപാട്.