റിയാദ്: ഫുട്‌ബോള്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സൂപ്പര്‍ താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോ. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിന്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. മത്സരത്തിന്റെ 74-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറര്‍ വലയിലെത്തിച്ചായിരുന്നു റൊണാള്‍ഡോ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.
ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി. 145-ാം തവണയാണ് ക്രിസ്റ്റ്യാനോ ഹെഡററിലൂടെ ഗോള്‍വല ചലിപ്പിച്ചത്. ജര്‍മ്മന്‍ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറിന്റെ 144 ഹെഡററെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ മറികടന്നു. കരിയറിലാകെ 839 ഗോളുകളാണ് പോര്‍ച്ചു?ഗീസ് താരത്തിന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. അല്‍ നസറിനായി സീസണിലെ ആദ്യ ഗോളുമായിരുന്നു ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
മത്സരത്തില്‍ ആധികാരികമായാണ് അല്‍ നസര്‍ വിജയം നേടിയത്. 74 ശതമാനം സമയത്തും അല്‍ നസര്‍ പന്ത് കൈവശം വെച്ചു. എങ്കിലും ആദ്യ ഗോള്‍ നേടാന്‍ 42-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 66-ാം മിനിറ്റില്‍ മൊണാസ്റ്റിറിന സമനില ഗോള്‍ നേടി. എട്ട് മിനിറ്റിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. 88, 90 മിനിറ്റില്‍ വീണ്ടും അല്‍ നസര്‍ ഗോള്‍ നേട്ടം. വ്യാഴാഴ്ച സമലേക്കുമായാണ് അല്‍ നസറിന്റെ അടുത്ത മത്സരം.