കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ വിവാദത്തില്‍ സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നല്‍കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് പരാതി. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ജൂറി അംഗം നേമം പുഷ്പരാജ് കഴിഞ്ഞ ദിവസം വെളിപ്പിടുത്തിയതിന് പിന്നാലെയാണ് വിനയന്റെ നീക്കം.
വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് തടയാന്‍ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ചാണ് വിനയന്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. രഞ്ജിത്ത് ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ തെളിവ് പുറത്തുവിടുമെന്നും വിനയന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പ്രതികരിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടര്‍ന്ന് നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയന്‍ പുറത്തുവിടുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്തിന് അര്‍ഹതയില്ലെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവിട്ട ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ സിനിമയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച സമയത്തും രഞ്ജിത്ത് ഇടപെടാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. ചിത്രത്തിന് പുരസ്‌കാരം നല്‍കരുതെന്ന് ജൂറി അംഗങ്ങളോട് രഞ്ജിത്ത് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി വിനയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.