ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ്. ഡോണൾഡ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പിന്മാറ്റം. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്ക് പിന്നാലെ റോൺ ഡി സാന്റിസ് കൂടി പിന്മാറ്റം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാനുള്ള ട്രംപിന്റെ സാധ്യതകൾ ഏറുകയാണ്.
ട്രംപിന് കനത്ത വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന ഒരാളായിരുന്നു സാന്റിസ്. ന്യൂ ഹാംപ്ഷെയറിലെ പ്രാഥമിക പോരാട്ടത്തിനു മുൻപായുള്ള അദ്ദേഹത്തിന്റെ പിന്മാറ്റം ഏറെ അപ്രതീക്ഷിതമാണ്. അയോവ കോക്കസില്‍ സാന്റിസ് രണ്ടാമതായിരുന്നു. ട്രംപുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ബൈഡനെക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് സാന്റിസ് അഭിപ്രായപ്പെട്ടിരുന്നു.
സാന്റിസ് കൂടി പിന്മാറിയതോടെ ട്രംപും നിക്കി ഹേലിയും തമ്മിലാണ് ഇനിയുള്ള പോരാട്ടം. നിക്കി ഹേലി മുന്നോട്ടു വെക്കുന്ന പഴഞ്ചന്‍ റിപ്പബ്ലിക്കന്‍ കോര്‍പറേറ്റിസത്തിലേക്കു പോകാതിരിക്കാനാണ് ട്രംപിനെ താന്‍ പിന്തുണയ്ക്കുന്നതെന്ന് സാന്‍റിസ് സമൂഹമാധ്യമായ എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. നിക്കി ഹേലിയ്ക്കു യോഗ്യതയില്ലെന്ന മട്ടില്‍ ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകള്‍ വലിയ വിവാദമായതാണ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജനും മലയാളിയുമായ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയായിരുന്നു പിന്മാറ്റം പ്രഖ്യാപിച്ചത്.