ശില്പ കൃഷ്ണ
ഒരു ബസ്സിനെ വഴി നീളെ പൊക്കി എംവിഡിയും, ഉദ്യോഗസ്ഥരെ കൂവി വിളിച്ച് നാട്ടുകാരും. സമൂഹമാധ്യമങ്ങളിൽ തരംഗമായിമാറിയിരിക്കുകയാണ് റോബിൻ ബസ്സ്.മോട്ടോർ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സർവീസ് തുടരുന്ന ബസിനെ തടയാൻ കച്ചകെട്ടിയിരിക്കുകയാണ് എം വി ഡി. ആ വെല്ലുവിളി സ്വികരിച്ച് റോബിനും .‘പോയിട്ട് അത്യാവശ്യം ഒന്നും ഇല്ലങ്കിലും റോബിനിൽ കയറി കോയമ്പത്തൂർ വരെ ഒന്ന് പോകണം എന്നായി പിന്നെ ബസിന്റെ ആരാധകരുടെ പക്ഷം. അത്കൊണ്ട് തന്നെ റോഡിന് ഇരുവശവും ജനങ്ങൾ ബസിന് വരവേൽപ്പ് ഒരുക്കുന്നു. പ്രധാന സ്ഥലങ്ങളിൽ എല്ലാം ബസ് പരിശോധനയ്ക്ക് എംവിഡി ഉദ്യോഗസ്ഥരും. അവസാനം ജനങ്ങൾ തന്നെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നത്. നിയമ ലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 16-ാം തിയതിയാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയിൽ വച്ച് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഉടമ ഗിരീഷ് കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കി.
എന്നാൽ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പിന് . അതുകൊണ്ട് തന്നെ രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയത്. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡിയുടെ വിശദികരണം. പിഴ ചുമത്തിയെങ്കിലും ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തില്ല. എന്നാൽ അതുകൊണ്ടും കളം വിടാൻ തയ്യാറായില്ല മോട്ടോർ വാഹന വകുപ്പ് . കരുതിക്കൂട്ടിയത് പോലെ പാലായിലും അങ്കമാലിയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാർ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു.
ഇത് മനപ്പൂർവം എം വി ഡി ചെയ്യുന്നത് എന്നാണ് സമൂഹമാധ്യമങ്ങൾ വിധി എഴുതുന്നത്. ബസുടമ ഗിരീഷും കോയമ്പത്തൂർ വരെ യാത്ര ചെയ്യുന്നുണ്ട്. യാത്ര തടസപ്പെടുത്തുന്നത് മനപൂർവമാണെന്നും തനിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടതിൽ ഉദ്യോഗസ്ഥർക്കുള്ള നാണക്കേടാണ് ഇതിന് പിന്നിലെന്നും ഗീരിഷും ആരോപിച്ചു. കോടതിയാണോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും പറഞ്ഞ് ഉറച്ച് നിൽപ്പാണ് ഉടമ. വഴിയിലെ സ്വീകരണവും മോട്ടർ വാഹനവകുപ്പിൻറെ പരിശോധനയും തുടരുന്നു, എന്ത് തന്നെയായാലും റോബിൻ കുതിപ്പ് തുടരുകയാണ് .
Read Also ; നാല്പത് ജീവനുകൾക്ക് വിലയില്ലേ : രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നത് നിലവാരമില്ലാത്ത ഉപകരണങ്ങളോ ?