കോഴിക്കോട്: കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം ആയിരത്തിനടുത്തെത്തി. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2025 ഫെബ്രുവരി വരെ 888 കേസുകളാണ് സംസ്ഥാനപത്ത് രജിസ്റ്റർ ചെയ്തത്. വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേസുകളുടെ എണ്ണം ആയിരത്തിൽ എത്തിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് പ്രതിസ്ഥാനത്തുള്ളതെന്നതാണ് ഗൗരവതരം.
ഇരയാക്കപ്പെട്ട കുട്ടിയും പ്രതിയും തമ്മിൽ അടുപ്പമോ പരിചയമോ ഉള്ള സാഹചര്യം മിക്ക കേസുകളിലും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും
കൂടുതൽ കേസുകൾ മലപ്പുറത്താണ്. 86 എണ്ണം. തിരുവനന്തപുരം റൂറലിലും പത്തനംതിട്ടയിലും 69 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. കണ്ണൂർ റൂറലിലും എറണാകുളം സിറ്റിയിലുമാണ് കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 22 എണ്ണം.
അഞ്ചുവർഷത്തിനിടയിൽ ഇത്തരം കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020ൽ 3042 കേസുകളായപ്പോൾ 2021ൽ 3516 ആയി ഉയരുകയായിരുന്നു. 2022ൽ 4518 കേസുകളും 2023ൽ 4641ഉം 2024ൽ 4594 കേസുകളുമാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നു കുട്ടികൾക്കു സംരക്ഷണം നൽകുന്ന നിയമം (പോക്‌സോ നിയമം) പ്രാബല്യത്തിൽ വന്നതു 2012ലാണ്.
18 വയസിൽ താഴെ പ്രായമുള്ള ഏതു കുട്ടിയെയും ലൈംഗികഅതിക്രമത്തിന് ഇരയാക്കുന്നവർ പോക്സോപ്രകാരം ശിക്ഷിക്കപ്പെടും.
കുട്ടികൾക്കെതിരെ വർധിച്ച് വരുന്ന ലൈംഗിക പീഡനങ്ങൾ തടയുവാനും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും സമൂഹം മുന്നോട്ട് വരണമെന്ന് സാമൂഹികനീതി വകുപ്പ് മുൻ അസിസ്റ്റൻഡ് ഡയറക്ടർ അഷ്റഫ് കാവിൽ പറഞ്ഞു.









