കോട്ടയത്ത് അരി മറിച്ചു വിറ്റ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു. മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.
2003-2006 കാലഘട്ടത്തിൽ മുണ്ടക്കയം ടൗൺ ബൈപ്പാസ് റോഡിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസി വഴി 99.9 മെട്രിക് ടൺ അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് അനുവദിച്ചിരുന്നു. ബൈപ്പാസ് പണി ഉപേക്ഷിച്ചപ്പോൾ അനുവദിച്ച അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനും ക്ലാർക്കായിരുന്ന പി കെ റഷീദും ചേർന്ന് മറിച്ച് വിറ്റതുവഴി സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
കോട്ടയം വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. വിവിധ വകുപ്പുകളിലായി ആകെ 10 വർഷം വീതം കഠിന തടവിനും മൂന്ന് ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി പ്രതികളായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി കെ സോമനെയും ക്ലാർക്കായിരുന്ന പി കെ റഷീദിനെയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
English summary : Rice was sold instead; The former gram panchayat secretary and clerk were sentenced to rigorous imprisonment