ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് അയ്യപ്പൻകോവിൽ തൂക്കുപാലം. ഒട്ടേറെ സിനിമാ ഷൂട്ടിങ്ങ് സംഘങ്ങളുടേയും ഇഷ്ട കേന്ദ്രമാണ് ഇടുക്കി ജലാശയവും സമീപത്തുള്ള തൂക്കുപാലവും. എന്നാൽ അപകട സാധ്യതയിലായ അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്.

ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഏറെ സഞ്ചാരികൾ എത്താറുണ്ട് ഈ ദിവസങ്ങളിൽ 25 പേരിൽ കൂടുതൽ തൂക്കുപാലത്തിൽ കയറാൻ പാടില്ലെന്നാണ് ഉത്തരവ്. ശിവരാത്രി ഉത്സവ ദിവസമായ 25,26 തീയതികളിൽ തൂക്കുപാലത്തിൽ ആളുകൾ കയറുന്നത് പൂർണമായും നിരോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്കും ഇടുക്കി തഹസിൽദാർക്കും ഉൾപ്പെടെ നൽകിയ ഉത്തരവിൽ പറയുന്നു.
അയ്യപ്പൻകോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിൽ ബൈക്ക് ഉൾപ്പെടെ കയറ്റുന്നതും അപകടകരമായി വലിയ ആൾക്കൂട്ടം കയറുന്നതും കണക്കിലെടുത്താണ് ഉത്തരവ്. അടുത്തകാലത്തായി പാലത്തിന് അമിത അളവിൽ ഇളക്കവും അനുഭവപ്പെടുന്നുണ്ട്.