പാലക്കാട്: എ കെ ഷാനിബിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി.യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമല്‍ പി ജിയാണ് രാജിവെച്ചത്.
സാമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിമലിന്റെ രാജി പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസ് കപ്പൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിമല്‍.
എ കെ ഷാനിബിനൊപ്പം പാര്‍ട്ടി വിടുന്നു, സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നാണ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുക്കില്ലെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. വൈകാരികമായായിരുന്നു എ കെ ഷാനിബിന്റെ പടിയിറക്കം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയര്‍ത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയിരുന്ന എ കെ ഷാനിബ് ഇന്നലെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു.
അതിവൈകാരികമായിട്ടായിരുന്നു ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു
Resignation from Congress after Shanib