ഗസ്സയില്‍ മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇസ്രായേല്‍ സേനയ്ക്ക് കനത്ത തിരിച്ചടിയേറ്റതായി റിപ്പോർട്ടുകൾ. അംഗവിഹീനരോ വികലാംഗരോ ആകുന്ന ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അംഗങ്ങള്‍ ചരിത്രത്തിലാദ്യമായി 70,000 കടന്നെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിൽ സേന ഞെട്ടിയിരിക്കുകയാണ്. ഹമാസ് തിരിച്ചടിയില്‍ പരിക്കേറ്റവര്‍ സേനയുടെ 35 ശതമാനം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രായേല്‍ സൈനിക മന്ത്രാലയമാണു പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. (Reports of Israeli forces suffering heavy losses in the war)
ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിനിടെ 2,000ത്തിലേരെ സൈനികര്‍ വികലാംഗരായതായി ഏപ്രില്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം സമ്മതിച്ചിരുന്നു. സൈനികരും പൊലീസുകാരും റിസര്‍വ് സേനയുമെല്ലാം ഇതില്‍ ഉള്‍പ്പെടും
ഒക്ടോബര്‍ ഏഴിനുശേഷം മാത്രം പ്രതിരോധ പുനരധിവാസ കേന്ദ്രത്തില്‍ 8,663 പേരെ പ്രവേശിപ്പിച്ചതാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്ക്. ഒക്ടോബറിനുശേഷം ഓരോ മാസവും ആയിരത്തിലേറെ പേരെ ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്. പുനരധിവാസ കേന്ദ്രത്തില്‍ പരിക്കേറ്റ സൈനികരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. 35 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളാണു നേരിടുന്നത്. 21 ശതമാനം പേര്‍ക്ക് ശാരീരികമായ പരിക്കുകളുണ്ട്.
കേന്ദ്രത്തിൽ പ്രവേശിപ്പിച്ചവരിൽ 95 ശതമാനം പേരും പുരുഷസൈനികരാണ്. ഇതില്‍ തന്നെ 70 ശതമാനം പേര്‍ റിസര്‍വ് സൈനികരുമാണ്. പാതിയും 18നും 30നും ഇടയില്‍ പ്രായമുള്ള യുവസൈനികർ ആണെന്നത് സേനയെ ആശങ്കയിലാക്കിയിട്ടുണ്ട്. 2024ന്റെ അവസാനമാകുമ്പോഴേക്ക് പുതുതായി 20,000 സൈനികരെ കൂടി പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സൈനികരില്‍ 40 ശതമാനവും വിഷാദം, ഉത്കണ്ഠ, പോസ്റ്റ്-ട്രോമ പിരിമുറുക്കം, ആശയവിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ മൂലമാണ് എത്തിയത് എന്ന് വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ ‘അറൂറ്റ്‌സ് ഷെവ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്ക പ്രശ്‌നങ്ങള്‍ നേരിടുന്ന സൈനികരുടെ എണ്ണത്തില്‍ 101 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇവര്‍ക്കു മാത്രമായി മൊബൈല്‍ ഒബ്‌സര്‍വേഷന്‍ സംഘവും 400 തെറാപിസ്റ്റുകളും പ്രവർത്തിക്കുന്നുണ്ട്.