രാജ്യത്താകമാനമുള്ള 5,100 വിദ്യാര്‍ത്ഥികള്‍ക്കായി 2024-25 അക്കാദമിക വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷകള്‍ ക്ഷണിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അർഹത. Scholarships up to 6 lakhs for 5,100 students: Reliance Foundation with huge offer:
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി യുവതലമുറയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.
യോഗ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി, പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നല്‍കുന്നതാണ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക, പ്രൊഫഷണല്‍ അഭിലാഷങ്ങള്‍ എത്തിപ്പിടിക്കുന്നതിന് സഹായിക്കുന്നതാണ് ഈ സമഗ്ര സാമ്പത്തിക സഹായ പദ്ധതിയെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.
രാജ്യത്ത് എവിടെയും ഫുള്‍ടൈം റെഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ആദ്യവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കാവുന്നതാണ്.
മെറിറ്റ് അടിസ്ഥാനത്തില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദതലത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിലൂടെ സാമ്പത്തിക ഭാരമില്ലാതെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
എന്‍ജിനീയറിംഗ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന 100 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്താണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കും സ്‌കോളര്‍ഷിപ്പുകൾ നല്‍കുക. ഡിഗ്രി പ്രോഗ്രാമിന്റെ കാലയളവ് കവര്‍ ചെയ്യുന്നതാകും സ്‌കോളര്‍ഷിപ്പ്.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയുമുള്ള ഗ്രാന്റുകള്‍ക്ക് പുറമേ, റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പ്രമുഖരുടെ മെന്റര്‍ഷിപ്പും ലഭിക്കും.
ഇതിന് പുറമെ വിദഗ്ധരുടെ കരിയര്‍ ഉപദേശങ്ങളും ശില്‍പ്പശാലകളിലൂടെയും സെമിനാറുകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലീഡര്‍ഷിപ്പ് വികസനത്തിനുള്ള അവസരവും നൈപുണ്യ ശേഷി വികസനത്തിനുള്ള അവസരവുമല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
സാമൂഹ്യവികസനത്തിന് ഉതകുന്ന രീതിയിലുള്ള കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
അക്കാദമിക നേട്ടങ്ങള്‍, പെഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റ്‌സ്, അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും ബിരുദാനന്തര തലത്തില്‍ സ്‌കോള്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുക. www.scholarships.reliancefoundation.org. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ബിരുദതലത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിയും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ചാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക.