ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സിപിഎമ്മിന്റെ ഡിസ്പ്ലേ ചിത്രം മാറ്റിയതിനെ തുടർന്ന് സമൂഹ മാധ്യമത്തിലാകെ പരിഹാസം. മഞ്ഞ ചുറ്റികയും അരിവാളും പശ്ചാത്തലമാക്കി നീലാകാശവും വെളുത്ത മേഘങ്ങളും ചേർന്നതാണ് പുതിയ ഡിസ്പ്ലേ ചിത്രം.
ചുവപ്പ് നിറത്തിന് പകരം നീല നിറം വന്നതോടെ ആയിരക്കണക്കിന് കമന്റുകളും ട്രോളുകളുമാണ്. എന്നാൽ ഈ നിറം മാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പാർട്ടിയുടെ ബംഗാൾ നേതൃത്വം പറയുന്നത്. ഫ്രഞ്ച് വിപ്ലവ കാലഘട്ടം മുതൽ ലോകവ്യാപകമായി കമ്മ്യൂണിസം, സോഷ്യലിസം, വിപ്ലവം തുടങ്ങിയവയുടെ നിറമായി അറിയപ്പെടുന്നത് ചുവപ്പാണ്.
സിപിഎമ്മിന്റെ ശത്രുവായ തൃണമൂൽ നേതാവ് മമത ബാനർജിയുടെ പ്രിയപ്പെട്ട നിറെ ഏതാണെന്ന് നെറ്റിസൺ ഓർമ്മിപ്പിക്കുകയാണ്. പുതിയ ഡിസ്പ്ലേ ഫോട്ടോയിൽ ഒരു തരി ചുവപ്പ് നിറം പോലും ഇല്ലാത്തതെന്തെന്നും ആളുകൾ കമന്റുകളിലൂടെ ചോദിച്ചു.
വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി രക്തസാക്ഷിയാകാൻ തയ്യാറാണ് എന്ന നിലപാട് സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. എന്നാൽ സമീപ കാലത്ത് ചുവപ്പിന് പഴയതുപോലെ ആളുകളെ ആകർഷിക്കാൻ കഴിയുന്നില്ല.
പുതിയ തലമുറയെ സമൂഹ മാധ്യമങ്ങളിൽ ആകർഷിക്കാൻ ചുവപ്പിനെക്കാളും നല്ല നിറം നീലയാണെന്നാണ് ബംഗാളിലെ സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ പകരം എത്തിയ നീല ബംഗാളിലെ സിപിഎമ്മിന്റെ ശത്രുവായ മമത ബാനർജിയുടെ ഇഷ്ട നിറമാണ്.
തൃണമൂൽ കോൺഗ്രസിന്റെ നിറം സിപിഎം ഏറ്റെടുത്തു എന്നാണ് സമൂഹ മാധ്യമങ്ങളിൽനെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. എന്നാൽ നീല നിറത്തിൽ തൃണമൂൽ കോൺഗ്രസിന് പേറ്റന്റ് ഒന്നും ഇല്ലെന്നാണ് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
പാർട്ടിയിലെ മുതിർന്ന അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ സുജൻ ചക്രവർത്തി വിവാദത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ് ‘ലോഗോയുടെ രൂപത്തിലുള്ള മാറ്റം മാത്രമായിരുന്നു അത്. സമൂഹ മാധ്യമത്തിൽ ഒരു ഡിസ്പ്ലേ ചിത്രം മാറ്റുന്നത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞങ്ങൾ എട്ട് തവണ ലോഗോ മാറ്റി’യെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പാർട്ടിയുടെ നിറം ചുവപ്പ് അല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് പണിത പുതിയ എകെജി സെന്ററിന്റെ നിറം ചുവപ്പ് അല്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം അറ്യ്ച്ചത്ത്.
കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പോസിറ്റീവ് എനർജി കിട്ടുന്ന നിറം ചുവപ്പല്ല എന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.