കാശിനെന്തെങ്കിലും അത്യാവശ്യം വന്നാൽ പലരും ആദ്യം ചെയ്യുന്നത് സ്വർണം പണയം വയ്ക്കലാണ്. വായ്പാസ്ഥാപനങ്ങൾ ഇടപാടുകാരുടെ അത്യാവശ്യം മനസിലാക്കി ഈടിന് അനുസരിച്ച് അൽപം തുകയൊക്കെ കൂടുതലും നൽകാറുമുണ്ട്. അതൊന്നും ഇനി അത്രയ്ക്കങ്ങ് നടപ്പില്ലന്നാണ് സ്വർണ വായ്പയെ സംബന്ധിച്ച് ആർബിഐയുടെ പുതിയ കരട് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്.
സ്വര്‍ണപ്പണയ വായ്പകള്‍ രണ്ടു തരത്തില്‍ തരം തിരിക്കാം. ഒന്ന്, ഉപഭോഗ ആവശ്യത്തിനുള്ളത് (consumption loan). മറ്റൊന്ന്, ബിസിനസ് ആവശ്യത്തിനുള്ളത്. ഉപഭോഗ ആവശ്യത്തിന് നല്‍കുന്ന വായ്പയുടെ പരമാവധി കാലാവധി ഒരു വർഷമാണ്.
പരമാവധി വായ്പ തുക (LTV) അന്നത്തെ സ്വര്‍ണ വിലയുടെ 75 ശതമാനമാണ്. ബുള്ളറ്റ് പേയ്‌മെന്റ് വായ്പയാണെങ്കില്‍ 75 ശതമാനം കണക്കുകൂട്ടുന്നത്, വായ്പ നല്‍കുന്ന തുക നോക്കിയല്ല; മറിച്ച് വായ്പയുടെ കാലാവധി കഴിയുമ്പോള്‍ മുതലും പലിശയും അടക്കം എത്ര വരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
സ്വര്‍ണപ്പണയം നിലനില്‍ക്കുന്ന എല്ലാസമയവും വായ്പത്തുക മുതലും പലിശയും സഹിതം 75 ശതമാനം LTV പാലിക്കണമെന്നുണ്ട്.
വായ്പ തുക എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കുകയും അതിന് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഉപഭോഗ ആവശ്യത്തിനുള്ള വായ്പയാണെങ്കില്‍ കുറഞ്ഞ വായ്പകളുടെ കാര്യത്തില്‍ ഇതില്‍ ചില ഇളവുകള്‍ ആകാം എന്നും പറയുന്നു.
ഒരാള്‍ക്ക് എത്ര തുക വരെ വായ്പ നല്‍കാം എന്ന് ഓരോ സ്ഥാപനത്തിനും നിശ്ചയിക്കാം. എന്നാല്‍, ബുള്ളറ്റ് പേയ്‌മെന്റ് വായ്പയാണെങ്കില്‍, സഹകരണ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഒരാള്‍ക്ക് പരമാവധി 5 ലക്ഷം രൂപ മാത്രമെ നല്‍കാവൂ.
ഒരാളുടെ കൈയ്യില്‍ നിന്ന് പണയമായി സ്വീകരിക്കാവുന്ന പരമാവധി സ്വര്‍ണം ഒരു കിലോ മാത്രമാണ്. പണയം വെച്ച ആഭരണങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വവും സ്ഥാപനത്തിനുണ്ട്. സ്വര്‍ണം സ്ഥാപനത്തിന്റെ കൈവശത്തിലിരിക്കെ കാണാതായാല്‍, അതിന് തക്കതായ കോമ്പന്‍സേഷന്‍ കൊടുക്കണം.
പണയം വെക്കുന്നയാളിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ തുകയെ ഇതിനായി വായ്പയായി നല്‍കാവൂ.
ബുള്ളറ്റ് വായ്പയാണെങ്കില്‍ പലിശ അടച്ചതിന് ശേഷം മാത്രമേ വായ്പ പുതുക്കുകയോ പുതിയ വായ്പ നല്‍കുകയോ ചെയ്യാവൂ.
ഒരു സ്ഥാപനത്തില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണത്തിന്മേല്‍ മറ്റൊരു സ്ഥാപനം സ്വര്‍ണ വായ്പ നല്‍കാന്‍ പാടില്ല എന്നാണ് ചട്ടം.
വായ്പ നല്‍കുന്ന സമയം ആഭരണത്തിന്റെ തൂക്കം, ശുദ്ധി എന്നിവ തുടങ്ങി എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു സര്‍ട്ടിഫിക്കറ്റ് തയാറാക്കി ഒരു കോപ്പി വായ്പയുടെ രേഖകളോടുകൂടെ വെക്കണമെന്നും നിയമമുണ്ട്. ഇതിന്റെ കോപ്പി ഇടപാടുകാരന് നല്‍കണം. ആഭരണത്തിന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കണം.
വായ്പ അടച്ചുതീര്‍ത്താല്‍ ഏഴു ദിവസത്തിനുള്ളില്‍ സ്വര്‍ണം തിരിച്ചു നല്‍കണം. ഇതില്‍ കാലതാമസം വന്നാല്‍, അതിന് കാരണം സ്ഥാപനത്തിന്റേതെങ്കില്‍, ഏഴ് ദിവസം കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്നും നിയമമുണ്ട്.
ലേലത്തിന് വെക്കുന്ന സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലയുടെ കുറഞ്ഞത് 90 ശതമാനം എങ്കിലും റിസര്‍വ് വിലയായി നിശ്ചയിക്കണമെന്നും ചട്ടമുണ്ട്.
വായ്പ തുക നേരിട്ട് ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് നല്‍കേണ്ടത്. 20,000 രൂപയ്ക്ക് താഴെയുള്ള വായ്പയാണെങ്കില്‍ മാത്രമേ തുക ക്യാഷ് ആയി നല്‍കുവാന്‍ പാടുള്ളൂ എന്നും ആർബിഐ പറയുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍
ഈ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്കെന്നവിധം ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്.
സ്വര്‍ണ പണയ വായ്പ രംഗത്ത് പൊതുവായ നയങ്ങളും രീതികളും കൊണ്ടുവരാനും സ്വര്‍ണപ്പണയ വായ്പയില്‍ വന്നേക്കാവുന്ന ക്രെഡിറ്റ് റിസ്‌കുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ മെച്ചപ്പെട്ട മാനേജ്‌മെന്റും നിയന്ത്രണങ്ങളും കൊണ്ടുവരാനും ഉദ്ദേശിച്ചുകൊണ്ടാണ് റിസര്‍വ് ബാങ്ക് പുതുക്കിയ കരട് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
സ്വർണപ്പണയം വയ്ക്കുന്നവരെ സംരക്ഷിക്കുന്നതിനും വായ്പാ നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായാണ് ആർബിഐ പുതിയ കരട് നിർദേശം അവതരിപ്പിച്ചതെങ്കിലും പ്രായോഗികമായ ചില ബുദ്ധിമുട്ടുകളും അതോടൊപ്പമുണ്ട്.
അതായത് ഇനിമുതൽ ബാങ്കുകൾക്കും സ്വർണപണയ വായ്പാ സ്ഥാപനങ്ങൾക്കും സ്വന്തം നിലയിൽ വായ്പ നൽകുന്നതിന് പരിമിതിയുണ്ടാകും.വായ്പാ തുക കൈമാറുന്നതിനുള്ള നടപടിക്രമങ്ങളും മാറും.
ഇത് സ്വര്‍ണ വായ്പയുടെ വളര്‍ച്ച തല്‍ക്കാലത്തേക്കെങ്കിലും മന്ദഗതിയിലാക്കും. ബുള്ളറ്റ് വായ്പകള്‍ കാലാവധി കഴിയുന്ന സമയത്ത് മുതലും പലിശയും ചേര്‍ത്തുള്ള LTV 75 ശതമാനത്തില്‍ ആയിരിക്കണം.
സ്വര്‍ണാഭരങ്ങളുടെ ചിത്രം അടക്കമുള്ള സര്‍ട്ടിഫിക്കറ്റ് വായ്പ നല്‍കുന്ന സമയം ഇടപാടുകാര്‍ക്ക് നല്‍കണമെന്നും വായ്പ തുകയുടെ ഉപയോഗം മറ്റു വായ്പകള്‍ എന്നവിധം ട്രാക്ക് ചെയ്ത് ഉറപ്പുവരുത്തണമെന്നും വായ്പ നിലനില്‍ക്കുന്ന കാലമത്രയും LTV 75 ശതമാനത്തില്‍ ആയിരിക്കണമെന്നും നിർദേശമുണ്ട്.
വായ്പ തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കണമെന്നും ലേലത്തില്‍ വെക്കുമ്പോള്‍ സ്വര്‍ണവിലയുടെ കുറഞ്ഞത് 90 ശതമാനം റിസര്‍വ് വില നിശ്ചയിക്കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ സ്വര്‍ണ വായ്പയുടെ മാനേജ്മന്റ് കൂടുതല്‍ ശ്രമകരമാക്കും.
ബാങ്കുകള്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ കുറെയൊക്കെ പാലിച്ചു പോരുന്നുണ്ട് എന്നുള്ളതുകൊണ്ട്, പുതിയ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കില്ല. എന്നാല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്താനിടയുണ്ട്.
rbi-new-gold-loan-rules-explained