ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിരാട് കോലിക്ക് പകരം രജത് പാട്ടിദാർ ഇന്ത്യൻ ടീമിൽ ഇടം നേടി. രഞ്ജി ട്രോഫി ടൂർണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സീനിയർ താരങ്ങളായ ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയേയും പിന്തള്ളിയാണ് പാട്ടിദാറിന് അവസരം ലഭിച്ചത്. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു പാട്ടിദാർ കാഴ്ച വെച്ചത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ താരമായ പാട്ടിദാർ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ അരങ്ങേറിയിരുന്നു. എന്നാൽ 22 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ 111, 151 എന്നിങ്ങനെയായിരുന്നു രജത് പാട്ടിദാറിന്റെ സ്കോർ. അതേസമയം മികച്ച പ്രകടനം പുറത്തെടുത്ത മുംബൈ താരം സർഫറാസ് ഖാൻ, റിങ്കു സിങ് എന്നിവർക്ക് അരങ്ങേറ്റത്തിനുള്ള അവസരം നൽകാത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാണ്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ഹൈദരാബാദിൽ ആരംഭിക്കും. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകളിൽനിന്ന് വിട്ടുനിൽക്കുന്നതായി കോലി ബിസിസിഐയെ അറിയിക്കുകയായിരുന്നു. രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങൾ മടങ്ങിയെത്തിയിട്ടുണ്ട്. പേസർ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ.
Read Also: ഇംഗ്ലണ്ട് പരമ്പര; വിരാട് കോഹ്‌ലി കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ